മഹേന്ദ്ര സിംഗ് ധോണിയുടെ ഫോമില്‍ ആശങ്കയുണ്ടായിരുന്നുവെന്ന് മുഖ്യ സെലക്‌ടര്‍ എംഎസ് കെ പ്രസാദ്.
ലോകകപ്പിന് മുന്നോടിയായി ടീം ഒരുങ്ങുമ്പോള്‍ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ധോണി ഞങ്ങളെ നിരാശപ്പെടുത്തി. എന്നാല്‍, ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ശക്തമായ തിരിച്ചുവരവ് അദ്ദേഹം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
വിക്കറ്റിന് പിന്നിലും ബാറ്റിംഗിലുമാണ് ധോണിയുടെ സ്ഥാനം. കീപ്പിംഗില്‍ അദ്ദേഹത്തെ വെല്ലാന്‍ നിലവിലാര്‍ക്കും സാധിക്കില്ല. എന്നാല്‍ ബാറ്റിംഗിലെ മെല്ലപ്പോക്കും റണ്‍സ് കണ്ടെത്താത്തതും ആശങ്കയുണ്ടാക്കി. കൂടുതല്‍ അവസരങ്ങള്‍ നല്‍കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നു. അതു പോലെ തന്നെ പിന്നീട് സംഭവിക്കുകയും ചെയ്‌തു. ഓസീസിനെതിരായ പരമ്പരയിലൂടെ ധോണി ശക്തമായി മടങ്ങിവന്നുവെന്നും പ്രസാദ് വ്യക്തമാക്കി.
കരിയറിന്‍റെ ഈ ഘട്ടത്തിലും വലിയ ഇന്നിംഗ്‌സുകളാണ് ധോണിയില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ച പ്രകടനങ്ങള്‍ അദ്ദേഹം വീണ്ടും ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. അന്നത്തെയും ഇന്നത്തെയും ധോണിയെന്ന കളിക്കാരനെ ഞങ്ങള്‍ക്കറിയാമെന്നും മുഖ്യ സെലക്‌ടര്‍ കൂട്ടിച്ചേര്‍ത്തു.