ഏകദിന ക്രിക്കറ്റില്‍ ഏറെക്കാലവും ഒരു ക്രിക്കറ്റ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ പാകിസ്ഥാന്റെ സയീദ് അന്‍വര്‍ നേടിയ 194 റണ്‍സായിരുന്നു. സനത് ജയസൂര്യയും മാത്യു ഹെയ്ഡനും ഗില്‍ക്രിസ്റ്റുമെല്ലാം അടങ്ങുന്ന വലിയ ഒരു നിര ബാറ്റര്‍മാര്‍ സജീവമായിരുന്നിട്ട് പോലും സയ്യീദ് അന്‍വറിന്റെ നേട്ടം മറികടക്കാന്‍ ആര്‍ക്കും തന്നെ സാധിച്ചില്ല. ഒടുവില്‍ ഇന്ത്യന്‍ ഇതിഹാസതാരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്റെ കരിയറിന്റെ അവസാന സമയങ്ങളിലാണ് ഏകദിന ക്രിക്കറ്റിലെ മാന്ത്രിക സംഖ്യയായ 200 റണ്‍സ് എന്ന നാഴികകല്ലിലെത്തുന്നത്.
പിന്നീട് വിരേന്ദര്‍ സെവാഗും രോഹിത് ശര്‍മയും മാര്‍ട്ടിന്‍ ഗുപ്റ്റിലും ഫഖര്‍ സമാനും അടക്കം അനവധി താരങ്ങള്‍ 200 എന്ന മാന്ത്രിക സംഖ്യ അനായാസമായി മറികടന്നു. ഇന്ത്യയുടെ ഹിറ്റ്മാനായ രോഹിത് ശര്‍മ 3 തവണയാണ് ഈ നേട്ടം സ്വന്തമാക്കിയത്.ഒപ്പം ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും രോഹിത് സ്വന്തമാക്കി. 2014 നവംബര്‍ 14ന് ശ്രീലങ്കക്കെതിരെയായിരുന്നു രോഹിത്തിന്റെ 264 റണ്‍സിന്റെ റെക്കോര്‍ഡ് പ്രകടനം.
എയ്ഞ്ചലോ മാത്യൂസും തിസാര പെരേരയും അജാന്ത മെന്‍ഡിസുമെല്ലാമടങ്ങുന്ന ലങ്കന്‍ ബൗളിംഗിനെതിരെ സാധാരണമായാണ് രോഹിത് ഇന്നിങ്ങ്‌സ് തുടങ്ങിയത്. വ്യക്തിഗത സ്‌കോര്‍ നാലില്‍ നില്‍ക്കെ തിസാര പെരേരെ രോഹിത്തിന്റെ ക്യാച്ച് അവസരം നഷ്ടപ്പെടുത്തിയെങ്കിലും അതത്ര കാര്യമായി ശ്രീലങ്കന്‍ ടീം എടുത്തുകാണില്ല. ഈഡന്‍ ഗാര്‍ഡന്‍സില്‍ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം പതിഞ്ഞ താളത്തിലാണ് രോഹിത് തുടങ്ങിയത്. 72 പന്തില്‍ അര്‍ഷസെഞ്ചുറി നേടിയ രോഹിത് പിന്നീട് ട്രാക്ക് മാറ്റി. 99 പന്തിലായിരുന്നു താരത്തിന്റെ സെഞ്ചുറി പ്രകടനം. മത്സരത്തിന്റെ 46മത്തെ ഓവറില്‍ നേരിട്ട 151മത് പന്തിലായിരുന്നു രോഹിത്തിന്റെ രണ്ടാം ഇരട്ടസെഞ്ചുറി പ്രകടനം.
ഇരട്ടസെഞ്ചുറി നേടിയ ശേഷം കണ്ടത് മദമെടുത്ത ആനയെ പോലെ ശ്രീലങ്കന്‍ നിരയെ തകര്‍ത്തരയ്ക്കുന്ന രോഹിത്തിനെയാണ്. ശേഷിക്കുന്ന 22 പന്തുകള്‍ മൃഗീയമായ പവര്‍ ഹിറ്റിങ്ങായിരുന്നു രോഹിത് നടത്തിയത്. ഒടുവില്‍ മത്സരട്ത്തിന്റെ അവസാന പന്തില്‍ വിക്കറ്റ് സമ്മാനിക്കുമ്പോള്‍ രോഹിത് നേടിയത് 264 റണ്‍സ്. ഇതോടെ ശ്രീലങ്കയ്ക്ക് മുന്നില്‍ 405 റണ്‍സെന്ന വിജയലക്ഷ്യം മുന്നോട്ട് വെയ്ക്കാന്‍ ഇന്ത്യയ്ക്കായി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കന്‍ ബാറ്റിംഗ് നിര വെറും 251 റണ്‍സിനാണ് അവസാനിച്ചത്. അതായത് രോഹിത് ശര്‍മയെ തന്നെ മറികടക്കാന്‍ ശ്രീലങ്ക പരാജയപ്പെടുകയും ഇന്ത്യ വിജയിക്കുകയും ചെയ്തു. ഇന്ന് രോഹിത് ശര്‍മയുടെ ആ മാസ്മരിക ഇന്നിങ്ങ്‌സ് പിറന്ന് 10 വര്‍ഷം പിന്നിടുമ്പോള്‍ ശ്രീലങ്ക ആലോചിക്കുന്നതും മറ്റൊന്നാകില്ല. അന്ന് 4 റണ്‍സില്‍ നില്‍ക്കെ ആ ക്യാച്ച് തിസാര പെരേര കൈവിട്ടില്ലായിരുന്നുവെങ്കില്‍..