മികച്ച താരമായിട്ടും വിരാട് കോഹ്‌ലിക്ക് സാധിക്കാതെ പോകുന്ന ഒന്നാണ് ഐപിഎല്ലില്‍ കിരീടം. മികച്ച താരങ്ങള്‍ ഒപ്പമുണ്ടായിട്ടും ഒരിക്കല്‍ പോലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഒന്നാമത് എത്തിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.
മഹേന്ദ്ര സിംഗ് ധോണിയും രോഹിത് ശര്‍മ്മയും ഐ പി എല്ലില്‍ മികച്ച നേട്ടങ്ങള്‍ കൊയ്യുമ്പോഴാണ് കോഹ്‌ലിയുടെ ഗ്രാഫ് ഏറ്റവും താഴെ നില്‍ക്കുന്നത്. കഴിഞ്ഞ സീസണില്‍ ദയനീയ പ്രകടനം നടത്താന്‍ മാത്രമാണ് ആര്‍ സി ബി ക്ക് സാധിച്ചത്. ഇതോടെ അടുത്ത സീസണില്‍ ടീമിന് പുതിയ ക്യാപ്‌റ്റന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും ശക്തമായി.
എന്നാല്‍, അങ്ങനെയൊരു നീക്കവും നടക്കുന്നില്ലെന്നും കോഹ്‌ലി തന്നെയായിരിക്കും ടീമിനെ നയിക്കുകയെന്നും ടീം ഡയറക്ടര്‍ മൈക് ഹെസ്സണ്‍ വ്യക്തമാക്കി.
“വിരാടിന്റെ ക്യാപ്‌റ്റന്‍സിയില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. എന്നാല്‍, പുതിയ താരങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കാണിക്കും. ലേലത്തില്‍ എല്ലാ താരങ്ങളെയും പിന്നാലെ പോകാന്‍ താല്‍പ്പര്യം കാണിക്കില്ല. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിവുള്ള താരങ്ങളെയാകും ടീമിലെത്തിക്കാന്‍ ശ്രമിക്കുക. ഓരോ മേഖലക്കും വേണ്ട കളിക്കാരെ കണ്ടെത്തും. അതിനായി മുഷ്താഖ് അലിയിലെയും വിജയ് ഹസാരെ ട്രോഫിയിലെയും പ്രകടനം വിലയിരുത്തി മികച്ച ആഭ്യന്തര താരങ്ങളെ റിക്രൂട്ട് ചെയ്യും”
ഒരു മത്സരത്തില്‍ എങ്ങനെ കളിച്ചു എന്നതാകില്ല തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം. സാഹചര്യങ്ങള്‍ മനസിലാക്കി കളിക്കാനും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവുമായിരിക്കും ടീം തെരഞ്ഞെടുപ്പില്‍ പ്രാധാന്യം അര്‍ഹിക്കുക എന്നും മൈക് ഹെസ്സണ്‍ പറഞ്ഞു.