ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലും പിടിച്ചു നിൽക്കാനാകാതെ കോഹ്ലിപ്പട. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് എടുക്കാനായത്. നിലവിൽ ഹനുമാ വിഹാരിയും (12 പന്തിൽ അഞ്ച്*) റിഷഭ് പന്തുമാണ് (ഒരു പന്തിൽ ഒന്ന്*) ക്രീസിൽ ഉള്ളത്.
തുടർച്ചയായി വിക്കറ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 88 പന്തിൽ 24 റണ്‍സെടുത്ത ചേതേശ്വർ പൂജാരയാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ഇതുവരെയുള്ള ടോപ് സ്കോറർ. തുടർച്ചയായ മത്സരങ്ങളിൽ ഫോം നഷ്ടപ്പെട്ട വിരാട് കോഹ്ലിയെ തന്നെയാണ് ഇന്നും ക്രീസിൽ കണ്ടത്. 30 പന്തിൽ വെറും 14 റൺസ് ആണ് കോഹ്ലി സ്വന്തമാക്കിയത്.
കോളിൻ ഡി ഗ്രാൻഡോമിനാണ് കോലിയുടെ വിക്കറ്റ്. 43 പന്തിൽ 9 റൺസെടുത്ത രഹാനെയെ 31 ആം ഓവറിൽ നീൽ വാഗ്നർ പുറത്താക്കി. തൊട്ടുപിന്നാലെ ചേതേശ്വർ പൂജാരയും (88 പന്തിൽ 24) വീണു. പരീക്ഷണമെന്ന നിലയ്ക്ക് ഉമേഷ് യാദവിന് ടീം ഇന്ത്യ നേരത്തേ ഇറക്കിയെങ്കിലും ആ പ്ലാനിംഗും ഫലം കണ്ടില്ല. മൂന്നാം സെഷൻ തീരുന്നതിന് തൊട്ടുമുൻപ് ഉമേഷ് യാദവിനെ (12 പന്തിൽ ഒന്ന്) ട്രെൻഡ് ബോൾട്ട് മടക്കി.
നേരത്തെ, ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോർ പിന്തുടർന്ന ന്യൂസിലാന്ഡിന്റ് 235 റൺസിലാണ് പോരാട്ടം അവസാനിപ്പിച്ചത്.