ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മോശം ഫോമിനെ തുടർന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ഇന്ത്യൻ പേസ് ബൗളിംഗ് താരം ജസ്‌പ്രീത് ബുമ്രക്ക് പിന്തുണയുമായി മുഹമ്മദ് ഷമി.പുറത്തുനില്‍ക്കുന്നവര്‍ക്ക് വിമര്‍ശിക്കാന്‍ എളുപ്പമാണ് എന്നാണ് വിമർശകർക്കെതിരെ ഷമിയുടെ പ്രതികരണം.
പുറത്തുനില്‍ക്കുന്ന ആളുകള്‍ക്ക് വിമര്‍ശിക്കാന്‍ എളുപ്പമാണ്. ഇക്കാലത്ത് താരങ്ങളെ വിമര്‍ശിച്ച് പണമുണ്ടാക്കുകയാണ് പലരും ചെയ്യുന്നത്. ഇന്ത്യൻ ടീമിന് വേണ്ടി ബുമ്ര കൈവരിച്ച നേട്ടങ്ങൾ നിങ്ങൾക്കെങ്ങനെയാണ് മറക്കാൻ സാധിക്കുക.ബുമ്രയെ കുറിച്ച് ആളുകൾ സംസാരിക്കുന്നതെല്ലാം നല്ലതുതന്നെ. എന്നാൽ മൂന്നോ നാലോ മത്സരങ്ങള്‍ക്ക് ശേഷം ഫലം പ്രതീക്ഷിക്കരുത്. വിമർശനം താരങ്ങൾക്ക് പ്രയോജനകരമായ രീതിയിലായിരിക്കണമെന്നും നശിപ്പിക്കുന്ന തരത്തിൽ ആവരുതെന്നും ഷമി ഹാമിൽട്ടണിൽ വെച്ച് പറഞ്ഞു.
പരിക്കില്‍ നിന്ന് തിരിച്ചുവന്ന ശേഷം ഏകദിനത്തില്‍ ഇതുവരെ ഒരു വിക്കറ്റ് മാത്രമാണ് ബുമ്രക്ക് നേടാനായത്. കരിയറിൽ ആദ്യമായാണ് ബുമ്ര ഒരു സീരീസിൽ വിക്കറ്റില്ലാതെ മടങ്ങിയത്. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. ഇതോടെ നിരവധി പേർ ബുമ്രയുടെ മോശം ഫോമിനെ വിമർശിച്ച് രംഗത്തെത്തി. എന്നാൽ ബുമ്രയെ പിന്തുണക്കുന്ന സമീപനമാണ് പല മുൻ താരങ്ങളും കൈകൊണ്ടത്. ബുമ്രയെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബുമ്ര പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയതേയുള്ളൂ എന്ന് ഏവരും തിരിച്ചറിയണം എന്നായിരുന്നു നെഹ്‌റ പറഞ്ഞത്. എല്ലാ പരമ്പരയിലും മികച്ച രീതിയിൽ പന്തെറിയാൻ ഒരു താരത്തിനും സാധിക്കില്ലെന്ന് നെഹ്‌റ പറഞ്ഞിരുന്നു.
അതേ സമയം ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡ് ഇലവനെതിരായ പരിശീലന മത്സരം ഇപ്പോൾ നടന്ന് കൊണ്ടിരിക്കുകയാണ്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ബാറ്റിങ്ങിൽ പരാജയമായപ്പോൾ ബൗളിങ്ങിലൂടെയാണ് ഇന്ത്യ മത്സരത്തിലേക്ക് മടങ്ങി വന്നത്. മത്സരത്തില്‍ 11 ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഇന്ത്യൻ താരം ജസ്‌പ്രീത് ബുമ്ര 2 വിക്കറ്റുകൾ നേടിയിട്ടുണ്ട്.ഷമിയാവട്ടെ 17 റണ്‍സിന് മൂന്ന് വിക്കറ്റും മത്സരത്തിൽ സ്വന്തമാക്കി.