ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ലോകകപ്പ് തോൽവിക്ക് ശേഷം ധോണി ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടില്ല. ഇനി അദ്ദേഹം ടീമിലുണ്ടാകുമോയെന്ന കാര്യത്തിൽ പോലും ഇതുവരെ വ്യക്തത വന്നിട്ടില്ല.
ധോണിയോ സെലക്ടർമാരോ ടീം നായകൻ വിരാട് കോഹ്ലിയോ പരിശീലകൻ രവി ശാസ്ത്രിയോ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഒന്നും അറിയിച്ചിട്ടില്ല. വിരമിക്കലിനെ കുറിച്ച് അറിയിക്കേണ്ടത് ധോണിയാണെന്നായിരുന്നു ഏവരുടെയും അഭിപ്രായം.
ഡിസംബർ വരെ അവധിയെടുത്ത് പോയ ധോണിയെ പിന്നെ ആരാധകർക്ക് കാണാനായിട്ടില്ല. എന്നാല്‍ വീണ്ടും ടീമിനൊപ്പം ധോണിയെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരുണ്ട്. ഈ പ്രതീക്ഷയിൽ ധോണിയുടെ ആരാധകരെല്ലാം റാഞ്ചിയിലേക്ക് വണ്ടി കയറാനുള്ള ഒരുക്കത്തിലാണ്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അവസാനത്തെ ടെസ്റ്റിനു വേദിയാകുന്നത് റാഞ്ചിയാണ്. മൂന്നാം ടെസ്റ്റിനായി ധോണി റാഞ്ചിയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാഴ്ചക്കാരനായാണ് അദ്ദേഹം ടീമംഗങ്ങളുടെ പ്രകടനം കാണാന്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലെത്തുന്നത്. ജാര്‍ഖണ്ഡ് സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനാണ് മല്‍സരം ആസ്വദിക്കാന്‍ ധോണിയെ ക്ഷണിച്ചിരിക്കുന്നത്. ഇവരുടെ ക്ഷണം സ്വീകരിച്ച് ധോണി സ്റ്റേഡിയത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച് പരമ്പര സ്വന്തമാക്കിയ കോലിയും സംഘവും ഇനി തൂത്തുവാരലാണ് ലക്ഷ്യമിടുന്നത്. കളിയുടെ ഏതു ദിവസമാണ് ധോണി സ്‌റ്റേഡിയത്തിലെത്തുകയെന്നറിയില്ല. കാരണം ധോണിയെ പ്രവചിക്കുക ബുദ്ധിമുട്ടാണ്. എങ്കിലും ധോണിയെ പ്രതീക്ഷിച്ചെത്തുന്ന ആരാധകരെ അദ്ദേഹം നിരാശനാക്കുകയില്ലെന്നാണ് സൂചന.