ഇന്ത്യന്‍ ടീമിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഏകദിന ലോകകപ്പ് അവസാനിച്ചതിനാല്‍ ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. മുന്‍ താരങ്ങള്‍ അടക്കമുള്ളവരാണ് ഈ ആവശ്യം ഉന്നയിക്കുന്നത്.
വിരമിക്കല്‍ ആവശ്യം ശക്തമാണെങ്കിലും തങ്ങളുടെ പ്രിയതാരം വിരമിക്കല്‍ പ്രഖ്യാപിക്കണമെന്ന് ഒരു ഇന്ത്യന്‍ താരം പോലും ആവശ്യപ്പെട്ടിട്ടില്ല. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാകട്ടെ ടീമില്‍ ധോണിയുടെ സാന്നിധ്യം ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണ്. ഫീല്‍ഡിലും ബോളിംഗ് ചേഞ്ചുകളില്‍ ധോണി വഹിച്ചിരുന്ന ആ വലിയ ജോലി ചെയ്യുകയാണ് രോഹിത് ശര്‍മ്മയിപ്പോള്‍.
ഇതിനിടെ ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകളെ തള്ളി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും രംഗത്തുവന്നു. എപ്പോള്‍ കളി മതിയാക്കണമെന്നത് ധോണിയുടെ മാത്രം തീരുമാനമാണ്. ആ സമയം എപ്പോഴെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ടീമിന് വിജയങ്ങള്‍ നേടിക്കൊടുക്കുന്നതിനൊപ്പം ടീമിലെ ഓരോ താരങ്ങളുടെയും കഴിവ് തിരിച്ചറിഞ്ഞ് അവരെ മുന്നോട്ട് നയിച്ച നായകനാണ് അദ്ദേഹം. നായകന്റെ ഏറ്റവും വലിയ ഗുണമാണതെന്നും ധവാന്‍ പറഞ്ഞു.
ഭായിയുടെ നേതൃത്വത്തില്‍ ടീം സ്വന്തമാക്കിയ വിജയങ്ങളും നേട്ടങ്ങളുമെല്ലാം കാണാതെ പോകരുത്.ഒരു താരത്തെ പ്രചോദിപ്പിച്ച് എങ്ങനെ ജേതാവാക്കാം എന്ന് ധോണിക്കറിയാം. ഇക്കാര്യത്തില്‍ കോഹ്‌ലിയടക്കമുള്ളവര്‍ അദ്ദേഹത്തോട് വിധേയപ്പെട്ടിരിക്കുന്നു. യുവതാരമായി വിരാട് ടീമില്‍ എത്തുമ്പോള്‍ വലിയ പിന്തുണയാണ് നല്‍കിയത്. ഒരു മികച്ച നായകന്റെ ഗുണമായിരുന്നു അതെന്നും ധവാന്‍ പറഞ്ഞു.