ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസീൻ ജഹാൻ സുപ്രീം കോടതിയിൽ. ഷമിക്കെതിരെ ലോക്കൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനുള്ള സ്റ്റേ നീക്കം ചെയ്യണമെന്ന ഹർജി തള്ളിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹസിൻ സുപ്രീം കോടതിയെ സമീപിച്ചത്.
ഷമിക്ക് വിവാഹേതര ബന്ധങ്ങൾ ഉണ്ടായിരുന്നെന്നും ബിസിസിഐ യാത്രകളിൽ ബിസിസിഐ അനുവദിക്കുന്ന ഹോട്ടലുകളിൽ യുവതികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാറുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇത് ഇന്നും തുടരുന്നുവെന്നും ചോദ്യം ചെയ്ത തന്നെ ഉപദ്രവിച്ചതായും ഹസിൻ ഹർജിയിൽ പറയുന്നു. ഷമി നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിച്ചിരുന്നതായും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 2019 ഓഗസ്റ്റ് 19ന് അലിപ്പോർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷമിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഷമി 2019 സെപ്റ്റംബർ 9ന് ഇതിനെതിരെ സെഷൻസ് കോടതിയിൽ പോയി അറസ്റ്റ് വാറണ്ട് സ്റ്റേ ചെയ്യിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് ഹസിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ ഉത്തരവുണ്ടായില്ല.