ടി20 ലോകകപ്പിനൊരുങ്ങുന്ന ഓസീസ് ടീമില്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തിനെ ഉള്‍പ്പെടുത്തരുതെന്ന് മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍ശണ്‍. വിവിധ ടി20 ലീഗുകളില്‍ കളിക്കാന്‍ താത്പ്പര്യപ്പെടുന്ന സ്മിത്ത് രാജ്യാന്തര ടി20 ക്രിക്കറ്റിന് പറ്റിയ താരമല്ലെന്നും വിവിധ ബാറ്റിംഗ് പൊസിഷനുകളില്‍ പരീക്ഷിച്ചിട്ടും സ്മിത്തിന് അതിലൊന്നിലും ക്ലിക്കാകാന്‍ സാധിച്ചിട്ടില്ലെന്നും മിച്ചല്‍ ജോണ്‍സണ്‍ പറയുന്നു.
രാജ്യാന്തര ടി20 ക്രിക്കറ്റില്‍ സ്മിത്ത് കളിക്കേണ്ടതുണ്ടോ. വെടിക്കെട്ട് വീരന്മാരുള്ള ടീമില്‍ ഓപ്പണറുടെ റോള്‍ മാത്രമാണ് സ്മിത്തിന് മുന്നിലുള്ളത്. എന്നാല്‍ ആ പൊസിഷനില്‍ മികച്ച സ്‌കോര്‍ കണ്ടെത്തുകയും സ്ഥിരത പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. എങ്കില്‍ മാത്രമെ സ്മിത്തിനെ ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കാന്‍ സാധിക്കുകയുള്ളു. ടി20 ലോകകപ്പില്‍ ഓപ്പണറാകാം എന്ന് സ്മിത്തിന് പോലും ഉറപ്പുണ്ടെന്ന് തോന്നുന്നില്ല. ഡേവിഡ് വാര്‍ണര്‍,ട്രാവിസ് ഹെഡ്,മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ഓസീസിന്റെ ടോപ് ത്രീയിലുള്ളത്. അതിനാല്‍ സ്മിത്തിന് ഓപ്പണറാകാനാകുമോ എന്നതും വ്യക്തമല്ല. അതിനാല്‍ തന്നെ ഓപ്പണര്‍ റോളില്‍ സ്ഥിരതയോടെ മികച്ച പ്രകടനങ്ങള്‍ സ്മിത്ത് നടത്തിയെങ്കില്‍ മാത്രമെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാവു. മിച്ചല്‍ ജോണ്‍സണ്‍ പറയുന്നു.
ടെസ്റ്റ് ക്രിക്കറ്റിലെ മാസ്റ്ററെന്ന് പേരെടുക്കുമ്പോഴും 67 ടി20 മത്സരങ്ങളില്‍ നിന്നും 24.86 ബാറ്റിംഗ് ശരാശരിയില്‍ 1094 റണ്‍സ് മാത്രമാണ് സ്മിത്തിന്റെ പേരിലുള്ളത്. സമീപകാലത്ത് ടി20 ക്രിക്കറ്റില്‍ കാര്യമായ പ്രകടനമൊന്നും തന്നെ കാഴ്ചവെയ്ക്കാനും സ്മിത്തിനായിട്ടില്ല.