വിക്കറ്റിനു പിന്നില്‍ ഇന്ത്യയുടെ ആത്മവിശ്വാസമായിരുന്ന മഹേന്ദ്രസിങ് ധോണിക്ക് അനുയോജ്യനായ പിന്‍മുറക്കാരനാണ് താനെന്ന് അരക്കിട്ടുറപ്പിക്കുകയാണ് റിഷഭ് പന്ത്. ഓരോ ടൂര്‍ണമെന്റുകള്‍ കഴിയുംതോറും ആത്മവിശ്വാസത്തിന്റെ പ്രതീകമാകുകയാണ് താരം. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലും പന്ത് ഞെട്ടിച്ചു. കൃത്യമായ സമയത്ത് റിവ്യൂ എടുത്താണ് പന്ത് ഇത്തവണ ഇന്ത്യയുടെ രക്ഷകനായത്. മികച്ച രീതിയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് താരം സാക് ക്രാവ്‌ലിയെ പുറത്താക്കാനാണ് പന്തിന്റെ ഇടപെടല്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി.
കൃത്യമായ ലൈനും ലെങ്തും പാലിച്ച് മുഹമ്മദ് സിറാജ് എറിഞ്ഞ പന്തിനെ പ്രതിരോധിക്കുന്നതില്‍ സാക് ക്രാവ്‌ലി പരാജയപ്പെട്ടു. ക്രാവ്‌ലിയുടെ കൈ പാഡില്‍ പന്ത് ഉരസി നേരെ റിഷഭ് പന്തിന്റെ കൈകളിലേക്ക്. എന്നാല്‍, അംപയര്‍ ഔട്ട് വിളിച്ചില്ല. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് അത് വിക്കറ്റാണെന്ന് ഉറപ്പിച്ചു. നായകന്‍ വിരാട് കോലിയോട് ധൈര്യമായി റിവ്യു എടുക്കാന്‍ പന്ത് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് പന്തിന്റെ മുഖഭാവം ഏറെ ആത്മവിശ്വാസമുള്ളതായിരുന്നു. പന്തിന്റെ ഗൗരവമുഖം കണ്ട് കോലി ചിരിക്കുകയും ചെയ്തു. ഒടുവില്‍ അത് വിക്കറ്റായപ്പോള്‍ കോലി പന്തിനെ അഭിനന്ദിക്കുകയും ചെയ്തു.
68 പന്തില്‍ 27 റണ്‍സെടുത്താണ് ക്രാവ്‌ലി മടങ്ങിയത്. ഡൊമിനിക് സിബ്ലിയുമായി ചേര്‍ന്ന് ഇംഗ്ലണ്ട് ഇന്നിങ്‌സ് പടുത്തുയര്‍ത്തുന്നതിനിടെയാണ് ക്രാവ്‌ലിക്ക് വിക്കറ്റ് നഷ്ടമായത്.