ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി-20യിലെ തോല്‍വി ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ചോദിച്ചു വാങ്ങിയതാണെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. രണ്ടാമതു ബാറ്റ് ചെയ്യുന്നവർക്ക് ജയസാധ്യതയുള്ള ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയിട്ടും ബാറ്റ് ചെയ്യാനുള്ള ഇന്ത്യ നായകന്റെ തീരുമാനം അവിശ്വസനീയമായിരുന്നു.
ഇന്ത്യന്‍ ആരാധകരെ ഞെട്ടിക്കുകയും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്റൻ ഡികോക്കിനെ സന്തോഷിപ്പിക്കുകയും ചെയ്‌ത തീരുമാനമായിരുന്നു അത്. മിക്കപ്പോഴും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് ചിന്നസ്വാമിയില്‍ ജയിച്ചിട്ടുള്ളത് എന്നതായിരുന്നു ഇന്ത്യന്‍ ആരാധകരെ ഭയപ്പെടുത്തിയത്. ഈ ആശങ്കയില്‍ കാര്യമുണ്ടായിരുന്നു. ഇന്ത്യ തോല്‍ക്കുകയും ട്വന്റി-20 പരമ്പര സമനിലയിലാകുകയും ചെയ്‌തു.
ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനത്തില്‍ തെറ്റില്ലെന്നും വെല്ലുവിളി ഏറ്റെടുക്കാനുള്ള മത്സരമായിരുന്നു ഇതെന്നുമാണ്
കോഹ്‌ലി ഇപ്പോള്‍ വ്യക്തമാക്കുന്നത്.
ട്വന്റി-20 ലോകകപ്പ് മുന്‍നിര്‍ത്തി സാഹചര്യം പഠിച്ച് വെല്ലുവിളി ഏറ്റെടുക്കേണ്ട സമയമാണിത്. അതിന്റെ ഭാഗമായിട്ടാണ് ആദ്യം ബാറ്റ് ചെയ്‌തത്. ചിന്നസ്വാമിയിലെ പിച്ച് രണ്ടാമത് ബാറ്റ് ചെയ്യുന്നവരെ പിന്തുണയ്‌ക്കുമെന്ന് തനിക്കാറിയാമായിരുന്നു. ട്വന്റി-20 ലോകകപ്പില്‍ മികച്ച ഒരു ടീമിനെ കെട്ടുപ്പെടുക്കേണ്ടതുണ്ട്. അതിനായി ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും കോഹ്‌ലി പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയും ചെയ്‌തു.