ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനത്തിലൂടെ നാട്ടില്‍ 100 ഏകദിന മത്സരം എന്ന കടമ്പ വിരാട് കോലി പിന്നിട്ടിരിക്കുകയാണ്. സ്വന്തം നാട്ടിൽ 100 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ കോലിയും ഇന്ത്യൻ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറും തമ്മിലുള്ള താരതമ്യമാണ് ആരാധകർക്ക് അറിയേണ്ടത്.
സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ നിലവില്‍ പ്രാപ്തിയുള്ള ഏക താരം കോലിയാണ്. എന്നാൽ സമീപ കാലത്തായി മോശം പ്രകടനമാണ് കോലി നടത്തുന്നത്. നാട്ടിൽ കോലി 100 ഏകദിനങ്ങൾ പിന്നിടുമ്പോൾ സച്ചിനോ കോലിയോ ആരാണ് കേമൻ എന്ന് നോക്കാം.
100 മത്സരത്തിൽ നിന്ന് 5020 റൺസാണ് കോലി സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം 100 മത്സരത്തില്‍ 97 ഇന്നിങ്‌സുകളിലാണ് കോലിക്ക് ബാറ്റിങ് ലഭിച്ചത്.അദ്ദേഹത്തിന്റെ ശരാശരി 59.64 ആണ്. 19 സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയും 97 ഇന്നിങ്സുകളിൽ നിന്നും കോലി സ്വന്തമാക്കി.
100 ഏകദിന മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ 4231 റൺസാണ് സച്ചിൻ നേടിയത്. 96 ഇന്നിങ്സുകളിൽ നിന്നാണ് സച്ചിന്റെ പ്രകടനം. ഇതിൽ 13 സെഞ്ചുറികൾ ഉൾപ്പെടുന്നു. ഇന്ത്യക്കായി നാട്ടിൽ 164 മത്സരങ്ങളാണ് സച്ചിൻ കളിച്ചിട്ടുള്ളത്. ഇതിൽ ഇന്നും 6976 റൺസാണ് സച്ചിൻ നേടിയത്. 20 സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.
127 മത്സരം കളിച്ച എംഎസ് ധോണിയാണ് നാട്ടില്‍ ഇന്ത്യക്കായി കൂടുതല്‍ ഏകദിന മത്സരം കളിച്ച രണ്ടാമത്തെ താരം. ഏഴ് സെഞ്ച്വറി ഉള്‍പ്പെടെ 4351 റണ്‍സാണ് ധോണി നേടിയത്.