പകരക്കാരനായി എത്തി ടെസ്റ്റ് ക്രിക്കറ്റിലും ഞെട്ടിക്കുകയാണ് കെ.എല്‍.രാഹുല്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ സെഞ്ചുറി നേടിയ രാഹുല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ അവിഭാജ്യഘടകമാകുകയാണ്. ഏകദിന, ടി 20 ഫോര്‍മാറ്റുകളില്‍ നേരത്തെ തന്നെ രാഹുല്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റിലും രാഹുല്‍ തനിക്ക് ലഭിച്ച അവസരം കൃത്യമായി പ്രയോജനപ്പെടുത്തിയത്.
സാഹചര്യത്തിനനുസരിച്ച് കളിയുടെ ട്രാക്ക് മാറ്റാനുള്ള രാഹുലിന്റെ കഴിവ് പ്രശംസനീയമാണ്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയേക്കാള്‍ രാഹുല്‍ സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങളിലെ രാഹുലിന്റെ പ്രകടനം ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ 214 ബോളുകള്‍ രാഹുല്‍ നേരിട്ടു. ഇതില്‍ 76 പന്തുകള്‍ ഒന്ന് തൊടുക പോലും ചെയ്യാതെ രാഹുല്‍ വിട്ടുകളഞ്ഞു. ബോളുകള്‍ കൃത്യമായി ലീവ് ചെയ്യുന്നതില്‍ രാഹുല്‍ അസാമാന്യ ഏകാഗ്രത പുലര്‍ത്തുന്നുണ്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ 250 പന്തുകള്‍ നേരിട്ടപ്പോള്‍ 129 പന്തുകള്‍ രാഹുല്‍ ലീവ് ചെയ്തു.
ഏകദിന ക്രിക്കറ്റില്‍ ഓപ്പണറായും നാല്, അഞ്ച് നമ്പറുകളിലും ഇറങ്ങാനുള്ള രാഹുലിന്റെ കഴിവും താരത്തിനു മുന്നോട്ടുള്ള യാത്രയില്‍ ഗുണം ചെയ്യും.