വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പേസര്‍ ഷമര്‍ ജോസഫിന്റെ ബൗണ്‍സര്‍ കൊണ്ട് ഓസീസ് ഓപ്പണറായ ഉസ്മാന്‍ ഖവാജയ്ക്ക് പരിക്ക്. രണ്ടാം ഇന്നിങ്ങ്‌സില്‍ വിജയലക്ഷ്യമായ 26 റണ്‍സ് പിന്തുടരുന്നതിനിടെയാണ് ജോസഫിന്റെ പന്ത് താടിയെല്ലില്‍ കൊണ്ട് ഖവാജ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയത്. ഇതോടെ ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ താരം കളിക്കുമോ എന്ന കാര്യം സംശയത്തിലായി.
ജനുവരി 25നാണ് വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാ ടെസ്റ്റ് നടക്കുന്നത്. രണ്ടാം ഇന്നിങ്ങ്‌സില്‍ പരിക്കേറ്റ് ഖവാജ മടങ്ങിയതോടെ മാര്‍നസ് ലബുഷെയ്‌നും സ്റ്റീവ് സ്മിത്തും ചേര്‍ന്നാണ് മത്സരം അവസാനിപ്പിച്ചത്. ഉസ്മാന്‍ ഖവാജ അടുത്ത ടെസ്റ്റില്‍ കളിച്ചില്ലെങ്കില്‍ മാറ്റ് റെന്‍ഷോയാകും പകരം ഓപ്പണറാവുക. ഖവാജയുടെ താടിയെല്ലിന് പൊട്ടലുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്‌കാനിംഗില്‍ പരിക്ക് ഗുരുതരമാണെങ്കില്‍ അടുത്ത മത്സരം താരത്തിന് നഷ്ടമാകും.
അതേസമയം വെസ്റ്റിന്‍ഡീസിനെതിരെ 10 വിക്കറ്റിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്ങ്‌സില്‍ 188 റണ്‍സിന് വെസ്റ്റിന്‍ഡീസ് ഓളൗട്ടാവുകയും മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 283 റണ്‍സ് നേടുകയും ചെയ്തിരുന്നു. ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയായിരുന്നു ഓസ്‌ട്രേലിയയെ ലീഡ് നേടാന്‍ സഹായിച്ചത്. രണ്ടാം ഇന്നിങ്ങ്‌സില്‍ 120 റണ്‍സ് മാത്രമെടുക്കാനെ വെസ്റ്റിന്‍ഡീസിന് കഴിഞ്ഞുള്ളു. തുടര്‍ന്ന് 26 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് വിക്കറ്റൊന്നും നഷ്ടമാകാതെ വിജയിക്കുകയായിരുന്നു.ബാറ്റര്‍മാര്‍ നിറം മങ്ങിയ ടെസ്റ്റില്‍ സെഞ്ചുറിയുമായി ഓസീസിന് ലീഡ് നല്‍കിയ ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം.