ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്‍റെ നായകപദവിയിൽ നിന്നും ഒഴിവാകാൻ തയ്യാറാണെന്ന് കെയ്‌ൻ വില്യംസൺ. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് വില്യംസണെ സമ്മർദ്ദത്തിലാക്കിയത്. എന്നാൽ സമ്മർദ്ദ സാഹചര്യത്തിൽ വില്യംസണെ പിന്തുണച്ചുകൊണ്ട് ഇന്ത്യൻ നായകൻ വിരാട് കോലി രംഗത്തെത്തി.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ എല്ലാ ടെസ്റ്റിലും ദയനീയമായി തോറ്റതോടെയാണ് കെയ്‌ന്‍ വില്യംസണെതിരെയുള്ള വിമർശനങ്ങൾ ശക്തമായത്.പരമ്പരയിൽ നാല് ഇന്നിഗ്സുകളിൽ നിന്നും 57 റൺസെടുക്കാൻ മാത്രമേ വില്യംസണ് സാധിച്ചിരുന്നുള്ളു. ഇത് കൂടാതെ നിര്‍ബന്ധം കൊണ്ട് നായകപദവിയിൽ തുടരുന്നതുപോലെയാണ് വില്യംസന്‍റെ സമീപനമെന്ന വിമർശനവുമായി മുൻ നായകൻ ബ്രണ്ടൻ മക്കെല്ലവും രംഗത്തെത്തി.
ഈ സാഹചര്യത്തിലാണ് മറുപടിയുമായി കെയ്‌ൻ വില്യംസൺ തന്നെ രംഗത്തെത്തിയത്. നായകപദവി താൻ ആസ്വദിക്കുന്നുണ്ടെന്നും എന്നാൽ ടീമിന് നല്ലതാണെങ്കിൽ മറ്റൊരു നായകന്റെ കീഴിൽ കളിക്കാൻ തയ്യാറാണെന്നും വില്യംസൺ വ്യക്തമാക്കി. എന്നാൽ വില്യംസൺ രാജിവെക്കേണ്ടതില്ല എന്ന അഭിപ്രായമാണ് ഇന്ത്യൻ നായകൻ കോലിക്കുള്ളത്. ജയത്തിന്‍റെയും തോൽവിയുടെയും കണക്കുകള്‍ കൊണ്ട് മാത്രമല്ല നായകന്‍റെ മികവ് അളക്കേണ്ടതെന്ന അഭിപ്രായമാണ് കോലി പങ്കുവെച്ചത്. ലോകകപ്പ് ഫൈനൽ വരെയും ന്യൂസിലൻഡിനെ എത്തിച്ച നായകനെ സമ്മർദ്ദത്തിലാക്കരുതെന്നും കോലി ഉപദേശിച്ചു.