ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ആരായിരിക്കണമെന്ന കാര്യത്തിൽ മഹേന്ദ്രസിംഗ് ധോനി വിമരിച്ചതോടെ വലിയ അനിശ്ചിതത്ത്വമാണ് നിലനിൽക്കുന്നത്. പല ഓപ്ഷനുകൾ പരീക്ഷിച്ചെങ്കിലും ബിസിസിഐ ഭാവി വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത് റിഷഭ് പന്തിനെയാണ്. എന്നാൽ ടെസ്റ്റ് ഫോർമാറ്റ് അല്ലാതെ മറ്റൊന്നിലും ഇമ്പാക്ട് ഉണ്ടാക്കാൻ റിഷഭ് പന്തിനായിട്ടില്ല എന്ന് മാത്രമല്ല മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സഞ്ജു സാംസൺ, ഇഷാൻ ക്രിഷൻ എന്നിവരുടെ അവസരങ്ങളും പന്തിന് തുടരെ അവസരം നൽകികൊണ്ട് ബിസിസിഐ ഇല്ലാതെയാക്കുന്നു.
ഇപ്പോഴിതാ ഇന്ത്യൻ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. മികച്ച ഫോമിലുള്ള സഞ്ജു സാംസൺ ടീമിലുള്ളപ്പോൾ എന്തിന് പന്തിന് വീണ്ടും വീണ്ടും അവസരങ്ങൾ നൽകുന്നുവെന്ന് ശ്രീകാന്ത് ചോദിക്കുന്നു. നാലാമനായി പന്ത് ബാറ്റ് ചെയ്യാൻ ഇറങ്ങുകയാണെങ്കിൽ നിങ്ങൾ മിഡിൽ ഓർഡറിൽ മികച്ച രീതിയിൽ കളിക്കുന്ന സൂര്യകുമാർ യാദവിൻ്റെയും സഞ്ജു സാംസണിൻ്റെയും അവസരം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ശ്രീകാന്ത് പറയുന്നു.
നിങ്ങൾക്ക് ടീമിലെ ഒരു എക്സ്ട്രാ ബൗളർ- ബാറ്റർ ഓപ്ഷനായി ദീപക് ഹൂഡയെ കൊണ്ടുവരണമെങ്കിൽ മോശം ഫോമിലുള്ള റിഷഭ് പന്താണ് ടീമിന് വെളിയിൽ പോകേണ്ടത്. ഒരു ബാറ്ററുടെ ഫോം തിരിച്ചുപിടിക്കേണ്ടത് ഇന്ത്യൻ ജേഴ്സിയിലല്ല. പന്ത് ആഭ്യന്തര മത്സരങ്ങൾ കളിച്ച് ഫോമിൽ മടങ്ങിയെത്തട്ടെ. ശ്രീകാന്ത് വ്യക്തമാക്കി.