അഡലൈഡിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ എറിഞ്ഞിട്ട പ്രകടനത്തിന്റെ ബലത്തിൽ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ കുതിച്ചുകയറി ഓസീസ് പേസർ ജോഷ് ഹേസൽവുഡ്. റാങ്കിങ്ങിൽ നാല് സ്ഥാനം മുന്നിൽ കയറി അഞ്ചാം സ്ഥാനത്താണ് നിലവിൽ ഓസീസ് പേസർ.രണ്ടര വർഷങ്ങൾക്ക് ശേഷമാണ് ഹേസൽവുഡ് ഐസിസി പട്ടികയിൽ ആദ്യ അഞ്ചിലെത്തുന്നത്.
ഇന്ത്യയെ 36 റൺസിന് എറിഞ്ഞിട്ട മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ എട്ട് റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് ഹേസൽവുഡ് പിഴുതെറിഞ്ഞത്.അതേസമയം ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റുകൾ എന്ന നേട്ടവും ഇന്ത്യക്കെതിരായ മത്സരത്തിൽ ഹേസൽവുഡ് പിന്നിട്ടു.ഓസീസ് ബൗളറായ പാറ്റ് കമ്മിൻസാണ് നിലവിൽ ടെസ്റ്റ് ബൗളർമാരുടെ ഐസിസി പട്ടികയിൽ ഒന്നാമതുള്ളത്.
അതേസമയം ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ ബൗളർമാരുടെ പട്ടികയിൽ ഒമ്പതാമതായി ഇടം നേടി.ഇന്ത്യൻ പേസറായ ജസ്പ്രീത് ബുമ്ര പട്ടികയിൽ പത്താമതാണ്.