ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലെയും ഏറ്റവും പ്രധാനപ്പെട്ട ബൗളിംഗ് താരമാണ് ജസ്പ്രീത് ബുമ്ര. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പേസറെന്ന വിശേഷണം നേടാനായെങ്കിലും കരിയറിലുടനീളം പിന്തുടരുന്ന പരിക്ക് ബുമ്രയ്ക്ക് കടുത്ത വെല്ലുവിളിയാണ്. ബെംഗളുരുവിലെ ക്രിക്കറ്റ് അക്കാദമിയിൽ 7 മാസമായി ചികിത്സയിലായിരുന്നിട്ടും ബുമ്ര പരിക്കിൽ നിന്നും ഇതുവരെയും മുക്തി നേടിയിട്ടില്ല.
ഇതിനെ തുടർന്ന് ന്യൂസിലൻഡിലേയ്ക്ക് തുടർ ചികിത്സയ്ക്കായി തിരിച്ചിരിക്കുകയാണ് താരം. ഷെയ്ൻ ബോണ്ട്, ജോഫ്ര ആർച്ചർ എന്നീ താരങ്ങളുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഡോക്ടർ റോവൻ സ്കൗട്ടാണ് ന്യൂസിലൻഡിൽ ബുമ്രയെ ചികിത്സിക്കുക. ശസ്ത്രക്രിയ കഴിഞ്ഞു ഫിറ്റ്നസ് വീണ്ടെടുക്കാൻ നാല് മാസക്കാലം ബുമ്രയ്ക്ക് വേണ്ടിവന്നേക്കുമെന്നാണ് കരുതുന്നത്. ഇതോടെ ഐപിഎല്ലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ബുമ്രയ്ക്ക് നഷ്ടമാകുമെന്നുറപ്പായി.
2022 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ബുമ്രയ്ക്ക് പുറം വേദന അനുഭവപ്പെടുന്നത്. 2019ൽ ഏറ്റ പരിക്കിൻ്റെ തുടർച്ചയായിരുന്നു ഇത്. പിന്നീട് പലപ്പോഴും ബുമ്രയെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും താരത്തെ കളിപ്പിച്ചിരുന്നില്ല. ശസ്ത്രക്രിയ വൈകിച്ചത് താരത്തിൻ്റെ ആരോഗ്യനിലയെ കൂടുതൽ വഷളാക്കിയതായാണ് റിപ്പോർട്ട്. ശസ്ത്രക്രിയ കഴിഞ്ഞ് 4-5 മാസങ്ങൾക്ക് ശേഷമാകും ബുമ്ര ടീമിൽ മടങ്ങിയെത്തുക എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം.