ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഇന്ത്യ- ന്യൂസിലൻഡ് പോരാട്ടം പേസർമാർ തമ്മിലുള്ള പോരാട്ടമായിരിക്കുമെന്നാണ് മത്സരത്തിന് മുൻപ് തന്നെ പ്രവചിക്കപ്പെട്ടിരുന്നത്. ഇംഗ്ലണ്ടിലെ പേസിനെ തുണക്കുന്ന പിച്ചിൽ ഇരുടീമുകളുടെയും പേസ് നിരയുടെ പ്രകടനമായിരിക്കും നിർണായകമാവുമ എന്നതായിരുന്നു പ്രവചനം.
മത്സരം മൂന്നാം ദിവസത്തിനോട് അട്ക്കുമ്പോൾ സ്വിങ് കണ്ടെത്തി ഇന്ത്യൻ ബാറ്റിങ് നിരയെ തളയ്‌ക്കുന്നതിൽ ന്യൂസിലൻഡ് പേസർമാർ വിജയിച്ചപ്പോൾ മൈതാനത്ത് കിതയ്‌ക്കുന്ന ഇന്ത്യൻ പേസ് നിരയെയാണ് കാണാനായത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കെയ്ല്‍ ജാമിസനാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. ടിം സൗത്തി,ട്രന്റ് ബോള്‍ട്ട്,കോളി ഡി ഗ്രാന്റ് ഹോം,നീല്‍ വാഗ്നര്‍ തുടങ്ങിയവരെല്ലാം പന്ത് സ്വിങ് ചെയ്യിച്ച് ഇന്ത്യയെ ഞെട്ടിച്ചു കളഞ്ഞപ്പോൾ സ്വിങ്ങിന്റെ ദിശ മനസിലാക്കാനാവാതെയാണ് ഇന്ത്യയുടെ മധ്യനിരയും വാലറ്റവും തകര്‍ന്നത്.
എന്നാൽ പിച്ചിൽ നിന്നും സ്വിങിനെ ഏറെ സഹായിക്കുന്ന ഡ്യൂക്‌സ് ബോളിലെ സ്വാഭാവിക സ്വിങ് പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ലഭിച്ചില്ല. ബാറ്റ്‌സ്മാനെ ഏറെ കഷ്ടപ്പെടുത്തുന്ന ഡെലിവറികൾ അധികമൊന്നും ഇന്ത്യൻ പേസർമാർക്ക് എറിയാൻ സാധിച്ചില്ല. ന്യൂബോളിൽ എത്തിയ ഇന്ത്യൻ സ്റ്റാർ പേസർ ജസ്‌പ്രീത് ബുമ്രയുടെ സ്പെൽ പൂർണ്ണപരാജയമായിരുന്നു. സ്വിങ് കണ്ടെത്താനാവാതെ ഇന്ത്യൻ താരം വിഷമിച്ചപ്പോൾ പരിചയസമ്പന്നനായ ഇഷാന്ത് ശർമയും അവസരത്തിനൊത്ത് ഉയർന്നില്ല.
ഇന്ത്യൻ പേസ് നിരയിൽ മുഹമ്മദ് ഷമിക്ക് മാത്രമെ കിവീസ് ബാറ്റിങിനെ വിഷമിപ്പിക്കാൻ ആയുള്ളു. പലപ്പോഴും അപ്രതീക്ഷിതമായ ബൗൺസും സീം ബൗളറായ ഷമിക്ക് ലഭിച്ചു.എന്നാൽ വിക്കറ്റ് താരത്തിൽ നിന്ന് അകന്നു നിന്നു. പേസർമാർ വിധി തീരുമാനിക്കുമെന്ന് പ്രവചിക്കപ്പെട്ട ടെസ്റ്റിൽ ഇന്ത്യക്കായി ആദ്യം വിക്കറ്റ് വീഴ്‌ത്തിയത് ടീമിലെ സ്റ്റാർ സ്പിന്നർ രവിചന്ദ്ര അശ്വിൻ ആണെന്നത് പേസ് നിരയ്ക്ക് തന്നെ നാണക്കേടാണുണ്ടാക്കിയത്.
നേരത്തെ തന്നെ രണ്ട് സ്പിന്നർമാരെ പേസിനെ തുണക്കുന്ന പിച്ചിൽ കളിക്കാനിറക്കിയതിനെതിരെ സോഷ്യൽ മീഡീയയിൽ പ്രതിഷേധം ശക്തമായിരുന്നു. സ്വാഭാവിക സ്വിങ് ബൗളറായ ഭുവനേശ്വർ കുമാറിന്റെ സാന്നിധ്യം ഇന്ത്യ മിസ് ചെയ്യുന്നുണ്ടെന്നും ആരാധകർ പറയുന്നു.