കളിക്കളത്തിൽ സഹതാരങ്ങൾ നേട്ടങ്ങൾ കൊയ്യുമ്പോൾ അസൂയയോടെ നോക്കി നിൽക്കുന്ന ക്യാപ്റ്റൻ അല്ല വിരാട് കോഹ്ലി. സഹതാരങ്ങളുടെ നേട്ടങ്ങൾ അവരേക്കാൾ സന്തോഷത്തോടെ ആഘോഷിക്കുന്ന കിടിലൻ പടത്തലവനാണ് കോഹ്ലിയെന്ന് പലതവണ താരം തെളിയിച്ചിട്ടുള്ളതാണ്.
ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് പരമ്പരയിൽ 12 റൺസിൽ നിൽക്കെ എൽബിഡബ്ല്യൂവിലൂടെ കൂടാരം കയറിയ കോഹ്ലി അവിടിരുന്ന സഹതാരങ്ങളുടെ പ്രകടനം തികഞ്ഞ ആത്മവിശ്വാസത്തോടെ ആസ്വദിക്കുകയായിരുന്നു. രോഹിത് ശർമയുടെ സെഞ്ച്വറി കൈയ്യടിച്ചാണ് കോഹ്ലി ആഘോഷിച്ചത്. പിന്നാലെ രോഹിതിന്റെ ഇരട്ട സെഞ്ച്വറിയും പിറന്നു. ഒരു ക്യാപ്റ്റനെന്ന നിലയിൽ അതും ആഘോഷിക്കുന്ന കോഹ്ലിയെ ആണ് കാണികൾ കണ്ടത്.
കോഹ്ലിയും രോഹിതും അടിച്ചു പിരിഞ്ഞുവെന്നും ഇരുവരും തമ്മിൽ അസ്വാരസ്വങ്ങൾ ഉണ്ടെന്നും റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിൽ തന്നെയാണ് കോഹ്ലിയുടെ ഈ ആഹ്ലാദപ്രകടനമെന്നതും ശ്രദ്ധേയം. രോഹിതിനെ കൂടാതെ അജിങ്ക്യ രഹാനെയുടെ സെഞ്ച്വറിക്കും കോഹ്ലി നൽകിയ പിന്തുണ വലുതാണ്. ഡ്രെസ്സിംഗ് റൂമിൽ വെച്ച് മറ്റ് താരങ്ങളോടൊപ്പം പൊട്ടിച്ചിരിച്ചും കൈയ്യടിച്ചുമാണ് കോഹ്ലി രഹാനെയുടെ വിജയം ആഘോഷിച്ചത്.
10 പന്തിൽ 31 റൺസെടുത്ത ഉമേഷ് യാദവിന്റെ പ്രകടനവും കോഹ്ലിയെ ഞെട്ടിച്ചിരുന്നു. യാദവിന്റെ ഇന്നിംഗ്സ് കോഹ്ലി ആഹ്ലാദത്തിൽ മതിമറന്ന് ആഘോഷിക്കുന്നത് കാണികളും കണ്ടതാണ്.
മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തിൽ മറ്റൊരു രസകരമായ സംഭവം അരങ്ങേറി. 112-ആം ഓവറിന്റെ മൂന്നാം പന്തിലായിരുന്നു സംഭവം. ദക്ഷിണാഫ്രിക്കൻ സ്പിന്നർ ജോർജ്ജ് ലിൻഡെയിൽ നിന്ന് 13 റൺസ് നേടി ജഡേജ അർദ്ധസെഞ്ച്വറി നേടി. ജഡേജയുടെ ആഘോഷം വ്യത്യസ്ത രീതിയിലായിരുന്നു. വാൾ ആഘോഷമായിരുന്നു ജഡേജ ഇത്തവണ കളിക്കളത്തിൽ എടുത്തത്. ഇത്തവണ ഒപ്പം കോഹ്ലിയും കൂടിയതോടെ സംഭവം കളറായി.
സാങ്കൽപ്പിക വാൾ അഴിച്ചുമാറ്റിയ കോഹ്‌ലി കുതിരപ്പുറത്തു കയറുന്നതുമായി ബന്ധപ്പെട്ട് ജഡേജയോട് ആംഗ്യം കാണിക്കുകയായിരുന്നു. കോഹ്‌ലിയുടെ പിന്തുണ കണ്ട ജഡേജയും വാള് വീശുന്ന പോലെ ബാറ്റ് വീശി ഇരുവരുടെയും സെലിബ്രേഷൻ കണ്ടപ്പോൾ മറ്റ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ഉറക്കെ ചിരിക്കുന്നതും വിഡിയോയിൽ കാണാം.