ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കം. 33 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കഴിഞ്ഞ ടെസ്റ്റിലെ ഹീറോകളായ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ 10 റണ്‍സിനും ശുഭ്മാന്‍ ഗില്‍ പൂജ്യം റണ്‍സിനും പുറത്തായി. കോലിയുടെ പകരക്കാരനായി എത്തിയ രജത് പാട്ടീദാര്‍ ഇക്കുറിയും നിരാശപ്പെടുത്തി. നായകന്‍ രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയുമാണ് നിലവില്‍ ക്രീസിലുള്ളത്.
കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി 2 പേസര്‍മാരുമായാണ് ഇംഗ്ലണ്ട് മത്സരത്തിനിറങ്ങിയത്. താരതമ്യേന യുവ ബാറ്റിംഗ് നിരയായ ഇന്ത്യയ്‌ക്കെതിരെ പേസ് ബൗളിംഗ് ഫലപ്രദമാകുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ബെന്‍ സ്‌റ്റോക്‌സ് പേസ് നിരയെ ഈ മത്സരത്തിനായി ഇറക്കിയിരിക്കുന്നത്. ജയ്‌സ്വാളിന്റെയും ഗില്ലിന്റെയും വിക്കറ്റുകള്‍ വീഴ്ത്തികൊണ്ട് മാര്‍ക്ക് വുഡ് ഇത് തെളിയിക്കുകയും ചെയ്തു. ടോം ഹാര്‍ട്‌ലിയ്ക്കാണ് മറ്റൊരു വിക്കറ്റ്.
ഇന്ത്യന്‍ നിരയില്‍ 52* റണ്‍സുമായി രോഹിത് ശര്‍മയാണ് തിളങ്ങിയത്. 33ന് 3 വിക്കറ്റെന്ന നിലയിലായിരുന്ന ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 93 റണ്‍സിന് 3 എന്ന നിലയിലാണ്. 24 റണ്‍സുമായി രവീന്ദ്ര ജഡേജയും ക്രീസിലുണ്ട്.