ഓസ്ട്രേലിയക്കെതിരായ നാലമത്തെയും അവസാനത്തേതുമായ ടെസ്റ്റിൽ ഇന്ത്യക്ക് 328 റൺസിന്റെ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റുമായി മികച്ച പ്രകടനം നടത്തിയ മുഹമ്മദ് സിറാജിന്റെ മികവിലാണ് ഇന്ത്യ ഓസീസ് ഇന്നിങ്സ് 294 ൽ അവസാനിപ്പിച്ചത്. ഇന്ത്യയ്‌ക്കായി ശാർദൂൽ താക്കൂർ 4 വിക്കറ്റെടുത്തു.
വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിനായി മാര്‍ക്കസ് ഹാരിസ് - ഡേവിഡ് വാര്‍ണര്‍ ഓപ്പണിങ് സഖ്യം 89 റണ്‍സ് നേടി. 38 റൺസെടുത്ത ഹാരിസിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ 48 റണ്‍സെടുത്ത വാര്‍ണറെ വാഷിങ്ടണ്‍ സുന്ദര്‍ മടക്കി. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി പ്രകടനം നടത്തിയ മാര്‍നസ് ലബുഷെയ്ന് 25 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അതേ ഓവറില്‍ തന്നെ മാത്യു വെയ്ഡിനെയും (0) സിറാജ് മടക്കി.
74 പന്തുകള്‍ നേരിട്ട് ഏഴു ബൗണ്ടറികളടക്കം 55 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസ് നിരയിലെ ടോപ് സ്കോറർ.കാമറൂണ്‍ ഗ്രീൻ 37 റൺസെടുത്തു.പാറ്റ് കമ്മിന്‍സ് 28 റണ്‍സുമായി പുറത്താകാതെ നിന്നു. നായകൻ ടിം പെൻ 27 റൺസെടുത്തു പുറത്തായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റ് പോവാതെ 4 റൺസ് എന്ന നിലയിലാണ് ഇന്ത്യ.