ക്ലാസന്റെ വെടിക്കെട്ടില്‍ ഇന്ത്യന്‍ പുലികള്‍ ഞെട്ടി; ജീവന്‍ തിരിച്ചു പിടിച്ച് ദക്ഷിണാഫ്രിക്ക - നിര്‍ണായക മത്സരം ശനിയാഴ്‌ച
ക്ലാസന്റെ വെടിക്കെട്ടില്‍ ഇന്ത്യന്‍ പുലികള്‍ ഞെട്ടി; ജീവന്‍ തിരിച്ചു പിടിച്ച് ദക്ഷിണാഫ്രിക്ക - നിര്‍ണായക മത്സരം ശനിയാഴ്‌ച
ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റിന്റെ വിജയം. ഇന്ത്യ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അതിഥേയര്‍ മറികടന്നു.
30 പന്തിൽനിന്ന് 69 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസന്റെ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിച്ചത്. 64 റൺസെടുത്ത് ജീൻ പോൾ ഡുമിനിയും ഫോം തിരിച്ചു പിടിച്ചതോടെ മത്സരം ഇന്ത്യയുടെ കൈയില്‍ നിന്നും വഴുതി. ക്ലാസൻ - ഡുമിനി സഖ്യം ഇന്ത്യൻ ബൗളിംഗിനെ തച്ചുതകർത്തു എന്നതില്‍ സംശയമില്ല. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 93
റണ്‍സ് കൂട്ടിച്ചേർത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി മനീഷ് പാണ്ഡെയും (48 പന്തിൽ 79) മുൻ നായകൻ എംഎസ് ധോണിയും (28 പന്തിൽ 52) വെടിക്കെറ്റ് ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ 188 എന്ന മാന്യമായ സ്‌കോര്‍ നേടി. ശിഖർ ധവാനും (24) സുരേഷ് റെയ്നയും (30) ഇന്ത്യൻ ബാറ്റിംഗിന് കരുത്തായി. അതേസമയം, വിരാട് കോഹ്‌ലി (1), രോഹിത് ശര്‍മ്മ (0) എന്നിവര്‍ നിരാശപ്പെടുത്തി.
ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കിയതോടെ പരമ്പര 1-1 സമനിലയിലായി. ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. ശനിയാഴ്‌ച കേപ്ടൗണിലാണ് പരമ്പരയിലെ അവസാനത്തേതും വിജയികളെ നിർണയിക്കുന്നതുമായ മത്സരം.