പരുക്കിനെ തുടര്‍ന്ന് ലോകകപ്പില്‍ നിന്ന് പുറത്തായ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അസാന്നിധ്യം നോക്കൗട്ടില്‍ ഇന്ത്യക്ക് തിരിച്ചടിയായേക്കും. സെമി ഫൈനല്‍ ഉറപ്പിച്ച ഇന്ത്യക്ക് ലീഗ് ഘട്ടത്തിലെ ഇനിയുള്ള മത്സരങ്ങള്‍ അത്ര നിര്‍ണായകമല്ല. എന്നാല്‍ സെമി ഫൈനല്‍ അങ്ങനെയല്ല. മികച്ച ബൗളിങ് കരുത്തും ബാറ്റിങ് കരുത്തും ഉള്ള ന്യൂസിലന്‍ഡോ ഓസ്‌ട്രേലിയയോ ആയിരിക്കും സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. ഹാര്‍ദിക് പാണ്ഡ്യയുടെ അസാന്നിധ്യം ഒരു ഓള്‍റൗണ്ടറുടെ എണ്ണം കുറയ്ക്കും. ഇത് ബൗളിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യക്ക് തലവേദനയാകും.
നോക്കൗട്ടിലും ഇപ്പോഴത്തെ പോലെ അഞ്ച് ബൗളര്‍മാരായി ഇറങ്ങിയാല്‍ അതില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഓഫ് ഡേ വന്നാല്‍ പാര്‍ട് ടൈം ആയി പന്തെറിയിക്കാന്‍ മറ്റാരുമില്ല. ഹാര്‍ദിക് പാണ്ഡ്യ ഉണ്ടായിരുന്നെങ്കില്‍ ആ തലവേദന ഒഴിയുമായിരുന്നു. മാത്രമല്ല ബാറ്റിങ്ങിലും ഹാര്‍ദിക്കിന്റെ സാന്നിധ്യം ഇന്ത്യക്ക് ഗുണം ചെയ്യുമായിരുന്നു.
ഹാര്‍ദിക്കിന്റെ അസാന്നിധ്യത്തില്‍ സൂര്യകുമാര്‍ യാദവ് പ്ലേയിങ് ഇലവനില്‍ തുടരാനാണ് സാധ്യത. പാര്‍ട് ടൈം ബൗളര്‍മാരായി വിരാട് കോലിയേയും സൂര്യകുമാര്‍ യാദവിനേയും ഉപയോഗിക്കേണ്ടി വരും. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം പ്രസിത് കൃഷ്ണയാണ് ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്.