ഇംഗ്ലണ്ടിൽ അടുത്ത മാസം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും തുടർന്ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലേക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യപിക്കും. അതേസമയം മുൻപെങ്ങുമില്ലാത്തവിധം നിരവധി യുവതാരങ്ങളാണ് ഇത്തവണ ടീമിലേക്കുള്ള വിളി കാത്തിരിക്കുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ടീം സ്ക്വാഡ് ഉയർത്തിയതാണ് ഇതിന് കാരണം. 15 അംഗം സ്ക്വാഡിൽ നിന്നും വ്യത്യസ്‌തമായി 20-25 അംഗങ്ങൾ ഉള്ള സ്ക്വാഡിനെയായിരിക്കും ഇന്ത്യൻ ഇന്ന് പ്രഖ്യാപിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി മികവു കാട്ടിയ പേസർ ആവേശ് ഖാൻ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ തിളങ്ങിയ പ്രസിദ്ധ് കൃഷ്ണ എന്നിവർക്ക് പുറമെ ഫോമിലേക്ക് തിരിച്ചെത്തിയ പൃഥ്വിഷായും ടീമിൽ ഇടം പ്രതീക്ഷിക്കുന്നത്. ഐപിഎല്ലിലും വിജയ് ഹസാരെയിലും തിളങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ഓപ്പണർ സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്നതും ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ഹർഷൽ പട്ടേലും ടീമിൽ അവസരം പ്രതീക്ഷിക്കുന്നുണ്ട്.
ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന ഗുജറാത്ത് ബാറ്റ്സ്മാൻ പ്രിയങ്ക് പഞ്ചാൽ,ബംഗാൾ യുവതാരം അഭിമന്യു ഈശ്വരൻ എന്നിവരും ടീമിൽ ഇടം പ്രതീക്ഷിക്കുന്ന യുവതാരങ്ങളാണ്. സ്പിൻ വിഭാഗത്തിൽ അശ്വിനും ജഡേജക്കും അക്സറിനും വാഷിംഗ്ടണുമൊപ്പം രാഹുൽ ചാഹറിനും അവസരമൊരുങ്ങാനുള്ള സാധ്യതയുണ്ട്.