ഇന്ത്യാ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇൻഡോറിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്നിങ്സിനും 130 റൺസിനുമാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി, രവിചന്ദ്ര അശ്വിൻ എന്നിവർ ബൗളിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ മായങ്ക് അഗർവാൾ, അജിങ്ക്യ രഹാനെ,രവീന്ദ്ര ജഡേജ എന്നിവർ ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്സ് വെറും 150 റൺസിന് അവസാനിച്ചിരുന്നു. ഇന്ത്യൻ ബൗളർമാരിൽ മുഹമ്മദ് ഷമി 3 വിക്കറ്റുകൾ നേടിയപ്പോൾ രവിചന്ദ്ര അശ്വിൻ,ഉമേഷ് യാദവ്,ഇഷാന്ത് ശർമ എന്നിവർ രണ്ടുവീതം വിക്കറ്റുകൾ വീഴ്ത്തി.
എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മായങ്ക് അഗർവാളിന്റെ ഇരട്ടസെഞ്ചുറി കരുത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 493 റൺസിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇതോടെ 343 റൺസിന്റെ ലീഡ് ഇന്ത്യ മത്സരത്തിൽ സ്വന്തമാക്കി. വിജയിക്കുക എന്നത് തീർത്തും അപ്രാപ്യമായ മത്സരത്തിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കുവാനാണ് ബംഗ്ലാദേശ് ശ്രമിച്ചത്.
എന്നാൽ മുഹമ്മ്അദ് ഷമി ഒരുഭാഗത്ത് പേസ് ആക്രമണം അഴിച്ചുവിട്ടപ്പോൾ മറുഭാഗത്ത് ബംഗ്ലാ ബാറ്റ്സ്മാന്മാരെ കറക്കി വീഴ്ത്തികൊണ്ട് അശ്വിൻ ഇന്ത്യൻ വിജയം എളുപ്പമാക്കി. ഒരു ഘട്ടത്തിൽ 72 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ തകർന്ന ബംഗ്ലാദേശിനെ മുഷ്ഫിഖുർ റഹീം- ലിറ്റൺ ദാസ് എന്നിവർ ചേർന്നാണ് കരകയറ്റിയത്. ഏഴാമനായി ഇറങ്ങിയ മെഹദി ഹസനും ബംഗ്ലാദേശിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. മുഷ്ഫിഖുർ റഹീം അർധസെഞ്ചുറിയോടെ 64 റൺസ് എടുത്തു പുറത്തായപ്പോൾ ലിറ്റൺ ദാസ്(35) മെഹദി ഹസൻ(38) റൺസെടുത്തു.
ഇന്ത്യൻ ബൗളർമാരിൽ മുഹമ്മദ് ഷമി ബംഗ്ലാദേശ് ക്യാപ്റ്റൻ മൊമിനുൾ ഹഖിന്റെ ഉൾപ്പടെ നാല് പ്രധാന വിക്കറ്റുകൾ സ്വന്തമാക്കി.അശ്വിനാണ് മുഷ്ഫിഖുർ റഹീമിന്റെ നിർണായക വിക്കറ്റ് സ്വന്തമാക്കിയത്. മത്സരത്തിൽ അശ്വിൻ 3 വിക്കറ്റുകൾ എടുത്തു.
ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ (1-0)ന് മുൻപിലെത്തി.