Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കട്ടക്കിൽ കട്ടക്ക് കോലി, വിൻഡീസിനെ കീഴടക്കി ഇന്ത്യക്ക് പരമ്പര

കട്ടക്കിൽ കട്ടക്ക് കോലി, വിൻഡീസിനെ കീഴടക്കി ഇന്ത്യക്ക് പരമ്പര

അഭിറാം മനോഹർ

, തിങ്കള്‍, 23 ഡിസം‌ബര്‍ 2019 (10:55 IST)
വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനമത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റ് വിജയം. വിൻഡീസ് ഉയർത്തിയ 316 റൺസ് വിജയലക്ഷ്യം എട്ടുപന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. 81 പന്തിൽ 85 റൺസെടുത്ത നായകൻ വിരാട് കോലിയാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ (2-1)ന് സ്വന്തമാക്കി.
 
മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് ശ്രേയസ് അയ്യരും (7) റിഷഭ് പന്തും (7) കേദാർ യാദവും (9) പെട്ടെന്ന് മടങ്ങിയത് ഇന്ത്യയെ പ്രതിരോധത്തിലാക്കിയെങ്കിലും കോലി-ജഡേജ സഖ്യമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ജഡേജ 30 പന്തിൽ നിന്നും 39 റൺസെടുത്തു. മത്സരത്തിന്റെ 47മത് ഓവറിൽ ഇന്ത്യൻ നായകൻ കോലി 85 റൺസുമായി പുറത്തായെങ്കിലും ജഡേജക്കൊപ്പം ശാർദൂൽ താക്കൂർ ആത്മവിശ്വാസത്തോടെ ബാറ്റു വീശിയതോടെ ഇന്ത്യ അനായാസം ജയിച്ചുകയറി. ശാർദൂൽ ആറു പന്തുകളിൽ നിന്നും ഒരു സിക്സും രണ്ട് ഫോറുമടക്കം 17 റൺസ് നേടി.
 
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിക്കോളാസ് പൂരന്റെയും കിറോൺ പൊള്ളാർഡിന്റെയും പ്രകടനത്തിന്റെ മികവിൽ 315 റൺസെടുത്തു. നിക്കോളാസ് പൂരാൻ 64 പന്തിൽ നിന്നും 89 റൺസും പൊള്ളാർഡ് 51 പന്തിൽ പുറത്താകാതെ 74 റൺസുമാണ് മത്സരത്തിൽ സ്വന്തമാക്കിയത്. ഏഴു സിക്സുകളും മൂന്നു ഫോറുകളും ഉൾക്കൊള്ളുന്നതാണ് പൊള്ളാർഡിന്റെ ഇന്നിങ്സ്. 
 
എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി മികച്ച തുടക്കമാണ് ഇന്ത്യൻ ഓപ്പണർമാർ നൽകിയത്. 22 ഓവർ നീണ്ടുനിന്ന ഒന്നാം വിക്കറ്റ് കൂട്ടുക്കെട്ടിൽ രോഹിത് 63 റൺസും കെ എൽ രാഹുൽ 77 റൺസും സ്വന്തമാക്കി.
 
 അവസാന ഓവറുകളിൽ നിറംമങ്ങിയതൊഴിച്ചാൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ നടത്തിയത്. പുതുമുഖമായ നവ്‌ദീപ് സെയ്‌നി  ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് സ്വന്തമാക്കി. എന്നാൽ ഡെത്ത് ഓവറുകളിൽ ബൂമ്രയുടെ കുറവ് പരിഹരിക്കാൻ ടീം ഇന്ത്യക്കായിട്ടില്ല എന്നതിന്റെ നേർചിത്രമാണ് മത്സരം തുറന്നുതന്നത്. ഇന്ത്യക്ക് വേണ്ടി മുഹ്അമ്മദ് ഷമി,ശാർദൂൽ താക്കൂർ,രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് നേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ വിൻഡീസ് ഏകദിനം, കുൽദീപിനെ കാത്ത് റെക്കോഡ്