ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റ് മത്സരത്തിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസീസ് ശക്തമായ നിലയിൽ. ഓപ്പണർ ഉസ്മാൻ ഖവാജയുടെയും ഓൾറൗണ്ടർ കാമറൂൺ ഗ്രീനിൻ്റെയും സെഞ്ചുറികളുടെയും കരുത്തിൽ ആദ്യ ഇന്നിങ്ങ്സിൽ 480 റൺസാണ് ഓസ്ട്രേലിയ അടിച്ചെടുത്തത്. ഖവാജ 180 റൺസും ഗ്രീൻ 114 റൺസും സ്വന്തമാക്കി.
4 വിക്കറ്റ് നഷ്ടത്തിൽ രണ്ടാം ദിനം ആരംഭിച്ച ഓസീസിന് മികച്ച തുടക്കമാണ് കാമറൂൺ ഗ്രീനും ഉസ്മാൻ ഖവാജയും ചേർന്ന നൽകിയത്.114 റൺസെടുത്ത കാമറൂൺ ഗ്രീനിനെ രവിചന്ദ്രൻ അശ്വിൻ പുറത്താക്കി. പിന്നാലെ വന്ന അലെക്സ് കാരിയും മിച്ചൽ സ്റ്റാർക്കും പെട്ടെന്ന് തന്നെ മടങ്ങിയെങ്കിലും ഉസ്മാൻ ഖവാജ റൺ ഉയർത്തി. ഇരട്ടസെഞ്ചുറിയിലേക്ക് കുതിക്കുമെന്ന് കരിതിയെങ്കിലും ചായ ഇടവേളയ്ക്ക് തൊട്ടുപിന്നാലെ ഖവാജ പുറത്തായി. ചെറുത്തുനിൽപ്പുകളില്ലാതെ വാലറ്റം കീഴടങ്ങുമെന്നാണ് കരുതിയതെങ്കിലും ഒൻപതാം വിക്കറ്റിൽ ഒത്തുചേർന്ന നഥാൻ ലിയോൺ- ടോഡ് മർഫി സഖ്യം ഓസീസ് റൺസ് ഉയർത്തി.
നാഥാൻ ലിയോൺ 96 പന്തിൽ നിന്ന് 34 റൺസും ടോഡ് മർഫി 61 പന്തിൽ നിന്നും 41 റൺസും നേടി. ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്ര അശ്വിൻ ആറും മൊഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജ,അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 10 ഓവറിൽ വിക്കറ്റ് നഷ്ടമാവാതെ 36 റൺസ് എന്ന നിലയിലാണ്. 17 റൺസുമായി രോഹിത് ശർമയും 18 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ