ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെ ഐസിസി റാങ്കിങ്ങിലും മുന്നേറി ഇന്ത്യൻ താരം ലോകേഷ് രാഹുൽ. ന്യൂസിലൻഡ് പര്യടനത്തിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ ഐസിസി ടി20 ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ നാല് സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്താണ് രാഹുൽ ഇപ്പോൾ. കിവീസിനെതിരെ 224 റൺസ് അടിച്ചെടുത്ത രാഹുലായിരുന്നു ഇന്ത്യൻ വിജയത്തിൽ പ്രധാന പങ്ക് വഹിച്ച താരം.
രാഹുലിനെ കൂടാതെ ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മ,ശ്രേയസ് അയ്യർ,മനീഷ് പാണ്ഡെ എന്നിവരും റാങ്കിങ്ങിൽ മുന്നേറിയിട്ടുണ്ട്. ന്യൂസിലൻഡിനെതിരായ പ്രകടനമാണ് ഇവർക്കും തുണയായത്. മൂന്നു സ്ഥാനങ്ങള്‍ കയറി രോഹിത്ത് പത്താം റാങ്കിലെത്തിയപ്പോള്‍ ശ്രേയസ് അയ്യർ 63 സ്ഥാനം കയറി 55ലും പാണ്ഡെ 12 സ്ഥാനം മെച്ചപ്പെടുത്തി 58ലുമെത്തി.രാഹുൽ ഇതാദ്യമായാണ് ഐസിസി റാങ്കിങ്ങിൽ രണ്ടാമതെത്തുന്നത്.
ഐസിസിയുടെ ബാറ്റ്സ്മാന്മാരുടെ ആദ്യ പത്തിൽ ഇപ്പോൾ മൂന്ന് ഇന്ത്യൻ താരങ്ങളാണുള്ളത്. ഇന്ത്യൻ നായകൻ വിരാട് കോലി പട്ടികയിൽ ഒമ്പതാമതും രോഹിത് ശർമ്മ പത്താമതുമാണ്. പാകിസ്ഥാന്റെ ബാബർ അസമാണ് നിലവിൽ ടി20 ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഒന്നാമതുള്ളത്.
ബൗളർമാരുടെ പട്ടികയിലും ഇന്ത്യൻ താരങ്ങൾ നേട്ടമുണ്ടാക്കി. പേസര്‍ ജസ്പ്രീത് ബുംറ 26 സ്ഥാനങ്ങള്‍ കയറി 11ആം റാങ്കിലും യുസ്വേന്ദ്ര ചഹല്‍ 10 സ്ഥാനങ്ങള്‍ മുന്നേറി 30ആം റാങ്കിലും ശര്‍ദ്ദുല്‍ താക്കൂര്‍ 34 സ്ഥാനങ്ങള്‍ മുന്നേറി 57ആം എത്തിയിട്ടുണ്ട്.