അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഏറ്റവും പുതിയ ടി20 റാങ്കിംഗ് പട്ടിക പ്രസിദ്ധീകരിച്ചു. പുതിയ പട്ടികയിൽ ഇന്ത്യൻ താരമായ കെ എൽ രാഹുൽ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗ് സ്വന്തമാക്കിയപ്പോൾ ഇന്ത്യൻ നായകൻ വിരാട് കോലി ഒരു സ്ഥാനം പിന്നിലേക്കിറങ്ങി പട്ടികയിൽ പത്താം സ്ഥാനത്ത് ഇടം പിടിച്ചു.
പാകിസ്ഥാന്റെ ബാബർ അസം ഒന്നാമതുള്ള പട്ടികയിൽ ഇന്ത്യൻ താരമായ കെ എൽ രാഹുലാണ് രണ്ടാം സ്ഥാനത്ത്. സമീപകാലത്തെ ടി20 മത്സരങ്ങളിലെ മികച്ച പ്രകടനമാണ് രാഹുലിനെ രണ്ടാം സ്ഥാനത്തെത്തുവാൻ സഹായിച്ചത്. ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗനാണ് ബാറ്റ്സ്മാന്മാരിൽ കോലിയെ പിന്തള്ളി ഒമ്പതാമതെത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരായ പ്രകടനാമാണ് മോർഗന് കരുത്തായത്.പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ഡികോക്കും റാങ്കിംഗ് പട്ടികയിൽ മുന്നേറിയിട്ടുണ്ട്.
പാകിസ്ഥാൻ താരം ബാബർ അസം, കെ എൽ രാഹുൽ,ഓസ്ട്രേലിയയുടെ ആരോൺ ഫിഞ്ച് എന്നിവരാണ് യഥാക്രമം പട്ടികയിൽ ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങളിലുള്ളത്. എന്നാൽ പട്ടികയിൽ ഇന്ത്യൻ താരം രോഹിത് ശർമ്മക്ക് ആദ്യ പത്തിൽ എത്താൻ സാധിച്ചില്ല. ബൗളർമാരിൽ റാഷിദ് ഖാൻ,മുജിബുൾ റഹ്മാൻ,മിച്ചൽ സാന്റ്നർ എന്നിവരാണ് ആദ്യമൂന്നിലുള്ളത്. അഫ്ഗാനിസ്ഥാന്റെ മൊഹമ്മദ് നബിയാണ് ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാമതുള്ളത്.