പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഇന്ത്യയില്‍ ശക്തമായിരിക്കെ പ്രതികരണവുമായി ഐ സി സി.
മത്സരത്തില്‍ നിന്നും പിന്മാറുമോ എന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് ഐസിസി സിഇഒ ഡേവിഡ് റിച്ചാർഡ്സൻ പറഞ്ഞു. ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കഴിവ് ക്രിക്കറ്റിനുണ്ട്. നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരത്തില്‍ നിന്നും പിന്മാറുകയെന്ന ആവശ്യം ബി സി സി ഐ ഉന്നയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡും മൌനം പാലിക്കുകയാണ്. എന്നാല്‍ അടുത്തയാഴ്ച ദുബായിൽ നടക്കുന്ന ഐസിസിയുടെ യോഗത്തിൽ ഇരു ബോർഡുകളുടെയും പ്രതിനിധികൾ നിലപാട് അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ജൂൺ 16ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിലാണ് ഇന്ത്യ – പാകിസ്ഥാൻ മൽസരം നടക്കേണ്ടത്. ബിസിസിഐ കടുത്ത നിലപാട് സ്വീകരിച്ചാല്‍ വന്‍ സാമ്പത്തിക നഷ്‌ടമാകും ഐ സി സിക്ക് ഉണ്ടാകുക. ലോകകപ്പിന് മൂന്ന് മാസങ്ങള്‍ കൂടി അവശേഷിക്കുന്നതിനാല്‍ സാഹചര്യങ്ങള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്കുള്ളത്.