ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒട്ടേറെ സ്വാധീനം ചെലുത്തിയ കളിക്കാരനാണ് കൊൽക്കത്തയുടെ വിൻഡീസ് താരം സുനിൽ നരെയ്‌ൻ. മിസ്റ്ററി സ്പിന്നർ എന്ന നിലയിൽ നിന്ന് ഓപ്പണിങ് റോളിലേക്ക് വരെ ചേക്കേറിയ നരെയ്‌ൻ കൊൽക്കത്തൻ വിജയങ്ങളിലെ ഒരു എക്‌സ് ഫാക്‌ടർ തന്നെയായിരുന്നു. ഇപ്പോഴിതാ കൊൽക്കത്ത ടീമിനൊപ്പം തന്റെ 10 പ്രീമിയർ ലീഗ് വർഷങ്ങൾ പൂർത്തിയാക്കുന്ന സമയത്ത് ടീമിനെ പറ്റി മനസ്സ് തുറക്കുകയാണ് സുനിൽ നരെയ്‌ൻ.
ഞാൻ മറ്റൊരു ഫ്രാഞ്ചൈസിയിലും കളിക്കില്ലെന്ന് ടീമിന്റെ സിഇഒയായ വെങ്കിയോട് പറഞ്ഞിട്ടുണ്ട്. ഈ ടീമിനെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. ഇവിടെ നിന്ന് തുടങ്ങി ഇവിടെ തന്നെ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അതൊരു വലിയ നേട്ടമായി ഞാൻ കാണുന്നു.വിദേശ താരങ്ങൾ ഒരു ഫ്രാഞ്ചൈസിയിൽ ഒരുപാട് കാലം തുടരുന്നത് കാണാൻ സാധിക്കില്ല. ഭാഗ്യവശാൽ, ഞാൻ ഇവിടെ ഒരുപാട് കാലമായുണ്ട്. ഇനിയും കൊൽക്കത്തയ്ക്കൊപ്പം തുടരാനാകുമെന്ന് കരുതുന്നു. സുനിൽ നരെയ്‌ൻ പറഞ്ഞു.
ഈ സീസണിൽ ഒരുപാട് വിക്കറ്റുകൾ വീഴ്‌ത്താനായിട്ടില്ലെങ്കിലും കളിയുടെ മധ്യ ഓവറുകളിൽ റണ്ണൊഴുക്ക് തടയുന്നതിൽ നരെയ്‌ൻ വിജയമാണ്. ആറ് മത്സരങ്ങളിൽ നിന്ന് 5 എന്ന അതിശയിപ്പിക്കുന്ന എക്കോണമി റേറ്റിലാണ് 33 കാരനായ താരം പന്തെറിയുന്നത്.