ഐപിഎല്ലിലെ ആദ്യ 8 മത്സരങ്ങൾ പിന്നിടുമ്പോൾ ടൂർണമെന്റിലെ വമ്പൻമാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സുമെല്ലാം കിതപ്പിലാണ്. ഐപിഎല്ലിൽ എതിർടീമിനെ തളർത്താൻ പാകത്തിൽ ഒരു ബൗളിങ് നിരയില്ല എന്നതാണ് ഈ ടീമുകളെ പിന്നോട്ടടിച്ചത്. കോടികൾ മുടക്കി ലേലത്തിൽ വാങ്ങിച്ച സൂപ്പർ ബൗളർമാർക്ക് പരിക്കേറ്റതും ടീമിന് തിരിച്ചടിയായി.
മറ്റ് സീസണുകളെ അപേക്ഷിച്ച് ബൗളർമാരെയും പൊന്നിൻവിലയ്ക്കാണ് ഇക്കുറി ടീമുകൾ ലേലത്തിൽ വിളിച്ചെടുത്തത്. സൂപ്പർ ബൗളർമാരായ കഗിസോ റബാഡയെ 9.25 കോടി രൂപയ്ക്ക് പഞ്ചാബും ട്രെന്റ് ബോൾട്ടിനെ 8 കോടി രൂപയ്ക്ക് രാജസ്ഥാനും സ്വന്തമാക്കിയപ്പോൾ ദീപക് ചഹറിനെ 14 കോടി രൂപ മുടക്കിയാണ് ചെന്നൈ ടീമിലെത്തിച്ചത്. ആർച്ചറിനായി 8 കോടിയാണ് മുംബൈ മുടക്കിയത്.
10 കോടി രൂപ മുടക്കിയാണ് ലോക്കി ഫെർഗൂസനെയും പ്രസിദ്ധ് കൃഷ്‌ണയേയും ഗുജറാത്ത് രാജസ്ഥാൻ ടീമുകൾ വിലക്കെടുത്തത്. ഹേസൽ വുഡിനായി 7.75 കോടി രൂപ ബെംഗളൂരുവും ചിലവാക്കി. ഇത്തരത്തിൽ ഫ്രാഞ്ചൈസികൾ ഒരു താരത്തിനായി കോടികൾ മുടക്കിയപ്പോൾ തീർത്തും വ്യത്യസ്‌തമായിരുന്നു ഹൈദരബാദിന്റെ സമീപനം.
ജാൻസൻ,ഭുവനേശ്വർ കുമാർ,നടരജൻ,ഉമ്രാൻ മാലിക് എന്നീ നാല് പേസർമാർക്കായി വെറും 16.40 കോടിയാണ് ഹൈദരാബാദ് മുടക്കിയത്. സീസണിലെ ആദ്യ കളികളിൽ പരാജയപ്പെട്ടെങ്കിലും നടരാജനും ഉമ്രാൻ മാലികും ഫോമിലേക്കുയർന്നതോടെ ഹൈദരാബാദിന്റെ തന്ത്രങ്ങൾ പൂർണമായി വിജയിച്ചു. ആകെയുള്ള 4 സ്ട്രൈക്ക് ബൗളർമാരിൽ 3 പേരും ഇന്ത്യൻ താരങ്ങളാണ് എന്നുള്ളതും ഹൈദരാബാദിന് ഗുണകരമാണ്. ബൗളിങ് യൂണിറ്റിനൊപ്പം ത്രിപാഠിയും വില്യംസണും അഭിഷേക് ശർമയും അടങ്ങുന്ന ബാറ്റിങ് നിരയും തിളങ്ങിയതോടെ ടൂർണമെന്റിലെ ഏറ്റവും അപകടകാരികളിൽ ഒരാളായി മാറിയിരിക്കുകയാണ് ഹൈദരാബാദ്.