ടി20 ലോകകപ്പിലെ നിര്‍ണായകമായ മത്സരത്തില്‍ ഓസ്‌ട്രേലിയയുമായി പരാജയപ്പെട്ടതോടെ പുറത്താകലിന്റെ വക്കിലാണ് ഇന്ത്യന്‍ വനിതകള്‍. പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് മത്സരത്തില്‍ പാകിസ്ഥാന്റെ വിജയസാധ്യതകളെ അടിസ്ഥാനമാക്കിയാണ് നിലവില്‍ ഇന്ത്യയുടെ സെമിസാധ്യതകളും ഉള്ളത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 8 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തപ്പോള്‍ ഇന്ത്യന്‍ വനിതകളുടെ പോരാട്ടം 9 റണ്‍സ് അകലെ അവസാനിച്ചു.
മത്സരത്തില്‍ 54 റണ്‍സുമായി ഇന്ത്യന്‍ ടീമിന്റെ ടോപ് സ്‌കോററായത് ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് ആയിരുന്നെങ്കിലും അവസാന ഓവറിലെ താരത്തിന്റെ സമീപനത്തിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അര്‍ധസെഞ്ചുറിയുമായി ഇന്ത്യന്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തിയത് താരമായിരുന്നെങ്കിലും അവസാന ഓവറില്‍ 14 റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ഘട്ടത്തില്‍ ഹര്‍മന്‍ എടുത്ത തീരുമാനങ്ങളാണ് ആരാധകരെ ചൊടുപ്പിച്ചിരിക്കുന്നത്.
അന്നബല്‍ സതര്‍ലന്‍ഡ് എറിഞ്ഞ അവസാന ഓവറില്‍ ആദ്യ പന്ത് നേരിട്ടത് ഹര്‍മനായിരുന്നു. എന്നാല്‍ ഈ പന്തില്‍ സിംഗിള്‍ നേടി വാലറ്റക്കാരിയായ പൂജ വസ്ത്രാകറിന് സ്‌ട്രൈക്ക് നല്‍കുകയാണ് ഹര്‍മന്‍ ചെയ്തത്. രണ്ടാം പന്തില്‍ പൂജയെ അന്നബല്‍ മടക്കുകയും മൂന്നാം പന്തില്‍ അരുന്ധതി റെഡ്ഡി റണ്ണൗട്ടാവുകയും ചെയ്തു. 3 പന്തില്‍ വിജയിക്കാന്‍ 13 റണ്‍സ് എന്ന ഘട്ടത്തില്‍ വമ്പനടികള്‍ക്ക് ശ്രമിക്കാതെ വീണ്ടും നോണ്‍ സ്‌ട്രൈക്കര്‍ക്ക് സ്‌ട്രൈക്ക് നല്‍കാനാണ് ഹര്‍മാന്‍ ശ്രമിച്ചത്.
3 പന്തില്‍ 13 എന്നത് ബാറ്ററായ ഹര്‍മാന് മാത്രമെ നേടാനാകു എന്ന ഘട്ടത്തിലാണ് വാലറ്റത്തുള്ള ശ്രേയങ്ക പാട്ടീലിന് താരം സ്‌ട്രൈക്ക് നല്‍കിയത്. ഇതോടെ 2 പന്തില്‍ 12 എന്ന നിലയിലായി. അഞ്ചാം പന്ത് വൈഡായതോടെ റണ്‍സിനായി ശ്രമിച്ച ശ്രേയങ്ക റണ്ണൗട്ടയി. അടുത്ത പന്തില്‍ രാധാ യാദവും എല്‍ബിഡബ്യു ആയി മടങ്ങി. അവസാന പന്ത് നേരിട്ട രേണുക സിംഗ് സിംഗിള്‍ എടുത്തതൊടെ ഇന്ത്യ 9 റണ്‍സിന് മത്സരം തോല്‍ക്കുകയും ചെയ്തു.
അവസാന ഓവറില്‍ വിജയിക്കാന്‍ 14 റണ്‍സെന്ന നിലയില്‍ ആദ്യ പന്ത് നേരിടാന്‍ അവസരം ലഭിചിട്ടും മത്സരം ഫിനിഷ് ചെയ്യാന്‍ ശ്രമിക്കാതെ സ്‌ട്രൈക്ക് നല്‍കാനുള്ള തീരുമാനം ബുദ്ധിയുള്ള ആരെങ്കിലും എടുക്കുമോ എന്നും ഹര്‍മന് ഗെയിം അവയര്‍നെസ് ഇല്ലെന്നുമാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. വീണ്ടും സ്‌ട്രൈക്കിലെത്തിയപ്പോഴും 2 പന്തില്‍ 12 റണ്‍സടിക്കാനുള്ള ഉത്തരവാദിത്വം ശ്രേയങ്കയെ ഏല്‍പ്പിക്കുകയാണ് ഹര്‍മന്‍ ചെയ്തതെന്നും ഹര്‍മന് ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ സാധ്യതകളുണ്ടായിരുന്നുവെന്നും വിമര്‍ശകര്‍ പറയുന്നു.