ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമോ എന്ന് ഒക്ടോബര്‍ 15 ന് മുന്‍പ് അറിയാം. ഹാര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നെസ് വലിയ ആശയക്കുഴപ്പത്തിലാണ്. ഹാര്‍ദിക് പാണ്ഡ്യ പന്തെറിയില്ലെങ്കില്‍ അദ്ദേഹത്തെ ടി 20 സ്‌ക്വാഡില്‍ നിന്ന് പുറത്താക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ഹാര്‍ദിക് പാണ്ഡ്യ ഒരു ഓവര്‍ പോലും പന്തെറിഞ്ഞിട്ടില്ല. ഇതാണ് സെലക്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നത്.
ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ശര്‍ദുല്‍ താക്കൂറോ ദീപക് ചഹറോ മെയിന്‍ സ്‌ക്വാഡിലേക്ക് എത്തുമെന്ന് ബിസിസിഐയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളാണ് താക്കൂറും ദീപക് ചഹറും. ഇവരില്‍ ഒരാള്‍ മെയിന്‍ സ്‌ക്വാഡിലേക്ക് പ്രവേശിച്ചാല്‍ പകരം ഹര്‍ഷല്‍ പട്ടേലിനെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളുടെ പട്ടികയിലേക്ക് കൊണ്ടുവരും. ഹര്‍ഷല്‍ പട്ടേലിനോട് യുഎഇയില്‍ തന്നെ തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടേക്കും.
സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ കാര്യത്തിലും സെലക്ടര്‍മാര്‍ക്ക് ആശങ്കയുണ്ട്. വരുണ്‍ ചക്രവര്‍ത്തിയുടെ കാല്‍മുട്ടിലെ പരുക്ക് കൂടുതല്‍ ഗുരുതരമാണെന്നാണ് സൂചന. കാല്‍മുട്ടില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് കലശലായ വേദനയുണ്ട്. വേദന കടിച്ചമര്‍ത്തിയാണ് ഐപിഎല്ലില്‍ വരുണ്‍ ഇപ്പോള്‍ കളിക്കുന്നത്. ഫീല്‍ഡില്‍ നില്‍ക്കുന്നതിനിടെ വരുണ്‍ വേദനസംഹാരി കുത്തിവയ്ക്കുന്നതായും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡൈവ് ചെയ്യരുതെന്നും വശങ്ങളിലേക്ക് പെട്ടന്ന് മൂവ് ചെയ്യരുതെന്നും ഫിസിയോ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരുണ്‍ ചക്രവര്‍ത്തിക്ക് വിശ്രമം അനുവദിക്കേണ്ട സാഹചര്യം വന്നാല്‍ ടി 20 സ്‌ക്വാഡില്‍ പകരം യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്ണോയ്, ക്രുണാല്‍ പാണ്ഡ്യ എന്നിവരില്‍ ഒരു താരത്തെ ഉള്‍പ്പെടുത്താനാണ് ആലോചന.