ക്രിക്കറ്റിൽ തന്റെ സമകാലികരായ എല്ലാവരും തന്നെ വിരമിച്ചിട്ടും ഹർഭജ സിങ് ഇപ്പോഴും കളി തുടരുകയാണ്. വർഷങ്ങളായി ദേശീയ ടീമിന്റെ ഭാഗമല്ല എന്നിട്ടും വിരമിയ്ക്കാൻ ഭാജി തയ്യാറായിട്ടില്ല. എന്തുകൊണ്ടാണ് ഇത്രയുംകാലമായിട്ടും വിരമിയ്ക്കാത്തത് എന്ന ചോദ്യങ്ങൾ പല തവണ ഹർഭജന് നേരെ ഉയർന്നിരുന്നു. ഇപ്പോഴും ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ടി20 മത്സരങ്ങൾ തനിയ്ക്ക് കളിയ്ക്കാനാവും എന്ന് ഹർഭജൻ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഐപിഎൽ 13 ആം സീസണിൽ ചെന്നൈയ്ക്കായി പന്തെറിയാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
ഇത്തവണത്തെ ഐപിഎൽ സീസൺ ശേഷം ക്രിക്കറ്റിൽനിന്നും വിരമിയ്ക്കുമോ എന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഭാജി. 'എന്റെ അവസാനത്തെ ഐപിഎല്ലായിരിക്കും ഇത്തവണത്തേതെന്ന് പറയാന്‍ സാധിക്കില്ല. ശരീരത്തിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കും അത് തീരുമാനിയ്ക്കുക. നാലു മാസത്തെ വര്‍ക്കൗട്ടും വിശ്രമവും യോഗയുമെല്ലാം പുതിയ ഉണര്‍വാണ് നല്‍കുന്നത്. 2013ലെ ഐപിഎല്ലിനു മുൻപും ഇതേ മാനസികാവസ്ഥയായിരുന്നു എനിയ്ക്ക് ഉണ്ടായിരുന്നത്. ആ സീസണില്‍ 24 വിക്കറ്റുകള്‍ എനിക്ക് സ്വന്തമാക്കാനായിരുന്നു.' ഹർഭജൻ പറഞ്ഞു.
2016 ശേഷം ഹർഭജൻ സിങ് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ല. 2008ലെ ആദ്യ ഐപിഎല്‍ മുതല്‍ 2017 വരെ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു ഭാജി. മുംബൈയുടെ മൂന്ന് കിരീട വിജയങ്ങളിൽ ഹർഭജൻ സിങ് പങ്കാളിയായി. 2017ലെ ടൂര്‍ണമെന്റിനു ശേഷം അദ്ദേഹത്തെ മുംബൈ ഒഴിവാക്കുകയായിരുന്നു. ഇതോടെ ഹർഭജൻ വിരമിയ്ക്കും എന്ന് കരുതിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഒപ്പം ചേന്ന് ഭാജി കളി തുടർന്നു. ചെന്നൈയിലെത്തി ആദ്യ സീസണില്‍ തന്നെ കിരീടമുയര്‍ത്താനും ഹർഭജൻ സിങ്ങിനായി.