മലയാളി താരം സഞ്ജു സാംസണെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഏകദിന ലോകകപ്പിനായി മികച്ച ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഗവാസ്‌കര്‍ പറഞ്ഞു. കൂടുതല്‍ റണ്‍സ് നേടാത്തതുകൊണ്ടാണ് സഞ്ജുവിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തത് എന്നാണ് ഗവാസ്‌കറിന്റെ പരിഹാസം.
സഞ്ജു തല താഴ്ത്തി റണ്‍സ് നേടട്ടെ എന്നാണ് ഗവാസ്‌കറിന്റെ അഭിപ്രായം. സഞ്ജു അഹങ്കാരിയാണെന്ന് പരോക്ഷമായി പറയുകയാണ് ഗവാസ്‌കര്‍. രാഹുലിന് സഞ്ജുവിനേക്കാള്‍ റണ്‍സുണ്ടെന്നാണ് ഗവാസ്‌കറിന്റെ പ്രതിരോധം. സഞ്ജു ബാറ്റിങ് ശൈലിയില്‍ മാറ്റം കൊണ്ടുവരണമെന്ന് ഗവാസ്‌കര്‍ നേരത്തെ ഉപദേശം നല്‍കിയിരുന്നു. എന്നാല്‍ ഗവാസ്‌കറിന്റെ ഉപദേശം സഞ്ജു തള്ളി. ഇതിനെ പരോക്ഷമായി ഉദ്ദേശിച്ചാണ് സഞ്ജു തല താഴ്ത്തി റണ്‍സ് നേടട്ടെ എന്ന് ഗവാസ്‌കര്‍ പറഞ്ഞത്.
' ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ മുന്‍നിര തകര്‍ന്നപ്പോഴും ഇഷാന്‍ കിഷനും ഹാര്‍ദിക് പാണ്ഡ്യയും ടീമിനെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നതു മികച്ച രീതിയിലാണ്. പ്രകടനത്തിന്റെ കാര്യത്തില്‍ കെ.എല്‍.രാഹുല്‍ തെളിയിച്ചു കാണിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനു ടീമിലേക്ക് പരിഗണന ലഭിക്കും. രാഹുലും ഇഷാന്‍ കിഷനും ഒന്നിച്ചു കളിക്കണമെന്നാണ് എന്റെ ആഗ്രഹം. രാഹുലിനു അടുത്തിടെ പരുക്കേറ്റിരുന്നു. അതുകൊണ്ട് ഇഷാന്‍ കിഷന്‍ കീപ്പറാകട്ടെ. രാഹുല്‍ ബാറ്ററായും കളിക്കണം. ബാറ്റിങ് ക്രമത്തിലെ നാല്, അഞ്ച് സ്ഥാനങ്ങളില്‍ രാഹുലും ശ്രേയസും തമ്മിലാണ് മത്സരം വേണ്ടത്,' ഗവാസ്‌കര്‍ പറഞ്ഞു.