വ്യക്തിപരമായ കാരണങ്ങളാല്‍ രോഹിത് ശര്‍മ ആദ്യ ടെസ്റ്റ് നഷ്ടപ്പെടുത്തുകയാണെങ്കില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ത്യന്‍ ടീമിനെ നയിക്കുമെന്ന് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീര്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഓസ്‌ട്രേലിയയ്ക്ക് പുറപ്പെടും മുന്‍പായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗംഭീര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.
ബുമ്ര ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണെന്നും രോഹിത് പെര്‍ത്തില്‍ ഇല്ലാത്ത സാഹചര്യമാണെങ്കില്‍ ബുമ്ര തന്നെയാകും ടീമിനെ നയിക്കുകയെന്നും ഗംഭീര്‍ പറഞ്ഞു. അതേസമയം ന്യൂസിലന്‍ഡിനെതിരെ മോശം ഫോമില്‍ വലഞ്ഞ സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെയും ഗംഭീര്‍ പിന്തുണച്ചു. അവരുടെ ഫോമില്‍ ആശങ്കയില്ലെന്നും ഫോം തിരിച്ചുപിടിക്കാന്‍ ഇരുവരും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ഇനിയും ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അവര്‍ക്കാകുമെന്നും ഗംഭീര്‍ പറഞ്ഞു. നവംബര്‍ 22 മുതലാണ് 5 ടെസ്റ്റ് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ആരംഭിക്കുന്നത്. പരമ്പരയിലെ നാല് മത്സരങ്ങളില്‍ വിജയിച്ചെങ്കില്‍ മാത്രമെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുകയുള്ളു.