ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ സംഘം. ലോക ടെസ്റ്റ് ഫൈനലിന് പുറമെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കൂടി നടക്കാനിരിക്കെ ഇന്ത്യയ്ക്ക് തലവേദന സൃഷ്‌ടിക്കുന്നത് ടെസ്റ്റ് ടീം വൈസ് ക്യാപ്‌റ്റനായ അജിങ്ക്യാ രഹാനെയുടെ മോശം ഫോമാണ്.
നിലവിൽ സ്ഥിരതയുടെ കാര്യത്തിൽ രഹാനെ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിലും താരത്തിന് സമ്മർദ്ദം നൽകരുതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ ടീം സെലക്‌ടറായ എംഎസ്‌കെ പ്രസാദ്. ടീമിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന താരമാണ് രഹാനെയെന്നും ഓസീസ് പര്യടനത്തിലെ ഇന്ത്യൻ വിജയം മറക്കരുതെന്നും പ്രസാദ് പറയുന്നു.
തീർച്ചയായും ഉയർച്ച താഴ്‌ച്ചകളിലൂടെ രഹാനെ കടന്നുപോയിട്ടുണ്ടെങ്കിലും ടീം ആവശ്യപ്പെടുന്നതിനനുസരിച്ച് പ്രതിസന്ധിഘട്ടങ്ങളിൽ ഉയരാൻ കഴിവുള്ള താരമാണ് രഹാനെ. അതിനാൽ തന്നെ രഹാനെക്കെതിരെ കടുത്ത തീരുമാനമെടുക്കാൻ മാനേജ്മെന്റ് ആഗ്രഹിക്കില്ല.
മികച്ച ഒരു ടീം പ്ലെയറാണ് രഹാനെ. കോലിക്ക് വലിയ ഇന്നിങ്സുകൾ കളിക്കാൻ കഴിയാത്ത അവസരങ്ങളിൽ രഹാനെ മികച്ച പ്രകടനങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. പല മുതിർന്ന താരങ്ങൾ ഇല്ലാതിരുന്നിട്ടും ഓസീസിൽ നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും മികച്ച പ്രകടനം നടത്താൻ രഹാനെക്കായി എന്നത് മറക്കാനാവില്ല. മറ്റ് പല ഇന്ത്യൻ താരങ്ങളേക്കാളും വിദേശത്ത് മികച്ച റെക്കോഡുള്ള താരമാണ് രഹാനെയെന്നും അനാവശ്യമായി അയാളെ സമ്മർദ്ദത്തിലാക്കരുതെന്നും പ്രസാദ് വ്യക്തമാക്കി.