ഇന്ന് മുപ്പത്തിയാറാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ താരമായ വിരാട് കോലി കരിയറിലെ അത്ര നല്ല സമയത്തിലൂടെയല്ല കടന്നുപോകുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് സീരീസിലെ ആറ് ഇന്നിങ്ങ്‌സുകളില്‍ ഒരിക്കല്‍ മാത്രമാണ് കോലിയ്ക്ക് അര്‍ധസെഞ്ചുറി നേടാനായത്. നാല് തവണ രണ്ടക്കം കാണാതെയും കോലി പുറത്തായി. തന്റെ അവസാന 6 ടെസ്റ്റുകളില്‍ 22.72 ശരാശരിയില്‍ 250 റണ്‍സ് മാത്രമാണ് കോലിയ്ക്കുള്ളത്. കാര്യങ്ങള്‍ ഇങ്ങനെയെല്ലാമാണെങ്കിലും കോലിയെ എഴുതിത്തള്ളരുതെന്നും കോലിയ്ക്ക് ഇനിയും വര്‍ഷങ്ങള്‍ ബാക്കിയുണ്ടെന്നുമാണ് മുന്‍ ഇന്ത്യന്‍ താരമായ ക്രിഷ്ണമാചാരി ശ്രീകാന്ത് പറയുന്നത്.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കോലി ഫോമിലേക്ക് തിരിച്ചെത്തും. കോലി എന്നും ഓസ്‌ട്രേലിയക്കെതിരെ കളിക്കുന്നത് ഇഷ്ടപ്പെടുന്നു. അദ്ദേഹത്തെ എഴുതിത്തള്ളാനായിട്ടില്ല. വളരെ നേരത്തെയാണ് അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. എനിക്കിത് അംഗീകരിക്കാനാവില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നോ രണ്ടോ മോശം വര്‍ഷങ്ങള്‍ സാധാരണമാണ്. ശ്രീകാന്ത് പറഞ്ഞു.
അതേസമയം ശ്രീകാന്തിന്റെ വാക്കുകളെ സാധൂകരിക്കുന്നതാണ് ഓസ്‌ട്രേലിയയിലെ കോലിയുടെ റെക്കോര്‍ഡ്. ഓസ്‌ട്രേലിയക്കെതിരെ കളിച്ച 25 ടെസ്റ്റുകളില്‍ 8 സെഞ്ചുറികള്‍ ഉള്‍പ്പടെ 47.48 ശരാശരിയില്‍ 2042 റണ്‍സ് കോലി നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ അവരുടെ ഗ്രൗണ്ടില്‍ കളിച്ച 13 ടെസ്റ്റുകളില്‍ നിന്ന് 54.08 ശരാശരിയില്‍ 1352 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ഇതില്‍ 6 സെഞ്ചുറികളും ഉള്‍പ്പെടുന്നു. നവംബര്‍ 22നാണ് ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം. അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇത്തവണ ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്.