കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ തോറ്റതിനു പ്രധാന കാരണം പിച്ചിന്റെ സ്വഭാവം മാറിയതാണെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നായകന്‍ ഫാഫ് ഡു പ്ലെസിസ്. ആദ്യം ബാറ്റ് ചെയ്തപ്പോള്‍ അല്‍പ്പം പ്രയാസപ്പെട്ടിരുന്നെന്നും എന്നാല്‍ കൊല്‍ക്കത്ത ചേസിങ്ങിനു ഇറങ്ങിയപ്പോള്‍ പിച്ച് പൂര്‍ണമായി ബാറ്റിങ്ങിനു ചേരുന്നതായെന്നും ഡു പ്ലെസിസ് പറഞ്ഞു. മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
' വളരെ വിചിത്രമായി തോന്നുന്നു, ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റ് രണ്ട് തരം വേഗതയെ പിന്തുണയ്ക്കുന്നതായി തോന്നി. കട്ടറും ബാക്ക് ലെങ്ത് ബോളും എറിഞ്ഞിരുന്നപ്പോള്‍ ബാറ്റര്‍മാര്‍ ശരിക്കും കഷ്ടപ്പെട്ടിരുന്നു. വിക്കറ്റിന്റെ സ്വഭാവം വെച്ച് ഞങ്ങള്‍ ആദ്യ ഇന്നിങ്‌സില്‍ നേടിയ സ്‌കോര്‍ മികച്ചതാണെന്ന് തോന്നി. പേസ് കുറവായതിനാല്‍ കോലിയും ബാറ്റ് ചെയ്യാന്‍ കഷ്ടപ്പെട്ടിരുന്നു. ഞങ്ങള്‍ ചില പരീക്ഷണങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും സുനില്‍ നരെയ്‌നും ഫിലിപ്പ് സാള്‍ട്ടും നന്നായി കളിച്ചു,' ഫാഫ് പറഞ്ഞു.