ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യയ്‌ക്ക് വന്‍ വിജയം. 151 റണ്‍സിന്‍റെ മഹാവിജയമാണ് ഇന്ത്യന്‍ ബൌളര്‍മാര്‍ നേടിയെടുത്തത്. ഇംഗ്ലണ്ടിന്‍റെ പേരുകേട്ട ബാറ്റിംഗ് നിര ഇന്ത്യന്‍ പേസര്‍മാരുടെ തീയുണ്ടകള്‍ക്ക് മുന്നില്‍ നിഷ്‌പ്രഭരായപ്പോള്‍ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലായി.
272 റണ്‍സ് വിജയലക്‍ഷ്യം മുന്നില്‍ കണ്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 120ന് എല്ലാവരും പുറത്തായപ്പോള്‍ ക്രിക്കറ്റിന്‍റെ തറവാട്ടില്‍ ഇന്ത്യയ്‌ക്ക് നേടാനായത് ഐതിഹാസികമായ ജയം. ഇന്ത്യന്‍ ബൌളര്‍മാരില്‍ മുഹമ്മദ് സിറാജ് നാലും ജസ്‌പ്രീത് ബൂമ്ര മൂന്നും വിക്കറ്റുകള്‍ പിഴുതു. ഇഷാത് ശര്‍മ്മ രണ്ട് വിക്കറ്റുകളും മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.
നേരത്തേ ആറുവിക്കറ്റിന് 181 റണ്‍സ് എന്ന നിലയില്‍ അവസാന ദിവസം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ വാലറ്റം അവിശ്വസനീയമായ ചെറുത്തുനില്‍പ്പാണ് കാഴ്‌ചവച്ചത്. ജസ്‌പ്രീത് ബൂമ്രയും മുഹമ്മദ് ഷമിയും ചേര്‍ന്ന കൂട്ടുകെട്ട് വേര്‍പിരിയാതെ ഒമ്പതാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 89 റണ്‍സാണ്. എട്ടുവിക്കറ്റ് നഷ്‌ടത്തില്‍ 298 റണ്‍സിലെത്തി നില്‍ക്കേ ഇന്ത്യ ഡിക്ലയര്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിന് വിജയലക്‍ഷ്യം 272 റണ്‍സ്.
എന്നാല്‍ കളിയുടെ തുടക്കത്തില്‍ തന്നെ പ്രഹരമേല്‍പ്പിച്ച് ഇന്ത്യന്‍ പേസര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ പ്രതിസന്ധിയില്‍ ടീമിനെ രക്ഷിച്ചെടുക്കുന്നതില്‍ പേരുകേട്ട ജോ റൂട്ടിനുപോലും പിടിച്ചുനില്‍ക്കാനായില്ല.