ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണില്‍ 6 താരങ്ങളെ നിലനിര്‍ത്താമെന്ന് പ്രഖ്യാപിച്ചതോടെ ഏതെല്ലാം താരങ്ങളെ നിലനിര്‍ത്തണമെന്ന ചിന്തയിലാണ് ഫ്രാഞ്ചൈസികള്‍.അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനാണ് ഐപിഎല്‍ താരലേലം ഇത്തവണ വലിയ വെല്ലുവിളിയാകുക. ടീം നിലനിര്‍ത്തുന്ന താരങ്ങള്‍ക്ക് 75 കോടി മാത്രമെ ചിലവാക്കാനാകു എന്നതിനാല്‍ താരങ്ങള്‍ നിറഞ്ഞ മുംബൈയില്‍ പല താരങ്ങള്‍ക്കും അര്‍ഹമായ തുക ലഭിക്കാന്‍ സാധ്യത കുറവാണ്.
ജസ്പ്രീത് ബുമ്ര,സൂര്യകുമാര്‍ യാദവ്,ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരെ ടീം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്. ഹാര്‍ദ്ദിക്കിന് ടീം 18 കോടി മുടക്കുകയാണെങ്കില്‍ അത്രയും തുക ബുമ്രയ്ക്കും സൂര്യയ്ക്കും പ്രതിഫലമായി നല്‍കാനാവില്ല. ഈ സാഹചര്യത്തില്‍ 18 കോടി വാങ്ങാന്‍ മാത്രമുള്ള യോഗ്യത തനിക്കുണ്ടോ എന്ന് ചിന്തിക്കേണ്ടത് ഹാര്‍ദ്ദിക്കാണെന്നാണ് ഓസ്‌ട്രേലിയന്‍ മുന്‍ താരമായ ടോം മൂഡി പറയുന്നത്.
ഞാനാണെങ്കില്‍ ബുമ്രയ്ക്കും സൂര്യയ്ക്കും 18 കോടി വീതം നല്‍കും. ഹാര്‍ദ്ദിക്കിന് 14 കോടിയും. ഫോമും ഫിറ്റ്‌നസുമെല്ലാം നോക്കിയാണ് പ്രതിഫലം തീരുമാനിക്കേണ്ടത്. ഇക്കാര്യങ്ങള്‍ നോക്കിയാല്‍ ഹാര്‍ദ്ദിക് 18 കോടിക്ക് അര്‍ഹനാണോ?, 18 കോടി ലഭിക്കണമെങ്കില്‍ തീര്‍ച്ചയായും മത്സരങ്ങള്‍ സ്ഥിരമായി വിജയിപ്പിക്കുന്ന താരമാകണം. കഴിഞ്ഞ ഐപിഎല്ലില്‍ ഫിറ്റ്‌നസിലും പ്രകടനത്തിലും ഹാര്‍ദ്ദിക് വളരെ മോശമായിരുന്നു. യുവതാരമായ തിലക് വര്‍മയേയും മുംബൈയ്ക്ക് നിലനിര്‍ത്താവുന്നതാണ് ടോം മൂഡി പറഞ്ഞു.