മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ മടങ്ങിവരവിന് ഐ പി എല്ലിലെ പ്രകടനം നിർണായകമാകുമെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഏകദിന ലോകകപ്പ് സെമി പോരാട്ടത്തിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ടതിന് ശേഷം മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ കുപ്പായത്തിൽ മത്സരിക്കാനിറങ്ങിയിട്ടില്ല. അതിന് ശേഷമുള്ള പരമ്പര ധോണി സൈനിക സേവനത്തിനായി മാറ്റിവെച്ചത് ധോണി വിരമിക്കുന്നതിനുള്ള സാധ്യതയായും വ്യാഘ്യാനിക്കപ്പെട്ടിരുന്നു. ഇതിനിടയാണ് ധോണിയുടെ തിരിച്ചുവരവിന് അടുത്ത വർഷം നടക്കുന്ന ഐ പി എല്ലിലെ പ്രകടനം നിർണായകമാകുമെന്ന സൂചനയുമായി രവി ശാസ്ത്രി രംഗത്തെത്തിയിരിക്കുന്നത്.
വരാനിരിക്കുന്ന ടി20 പരമ്പരകളിലടക്കം ധോണി മത്സരിക്കുമോ എന്നതിൽ ഐ പി എല്ലിലെ പ്രകടനം നിർണായകമാകുമെന്നാണ് സൂചന. മറ്റ് വിക്കറ്റ് കീപ്പർമാരുടെ പ്രകടനവും ധോണിയുടെ തിരിച്ചുവരവിനെ സ്വാധീനിക്കും.
ഏകദിന ടി20 മത്സരങ്ങളിൽ ധോണിക്ക് പകരക്കാരനായി ഋഷഭ് പന്ത് ടീമിൽ ഇടം നേടിയെങ്കിലും ഇതുവരെയും മികച്ച പ്രകടനങ്ങൾ ഒന്നും തന്നെയും പന്ത് കാഴ്ചവെച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പർ ആരായിരിക്കണം എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയായിട്ടില്ല.