‘ധോണിയെ പുറത്താക്കിയത് നന്നായി, പ്രകടനം വളരെ മോശം’; ആഞ്ഞടിച്ച് ഗാംഗുലി
‘ധോണിയെ പുറത്താക്കിയത് നന്നായി, പ്രകടനം വളരെ മോശം’; ആഞ്ഞടിച്ച് ഗാംഗുലി
മഹേന്ദ്ര സിംഗ് ധോണിയെ ട്വന്റി-20 ടീമില്‍ നിന്ന് ഒഴിവാക്കിയത് പ്രകടനം തീർത്തും മോശമായതുകൊണ്ടാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി.
ധോണിയെ പുറത്താക്കിയതില്‍ അത്ഭുതപ്പെടാനില്ല. അടുത്ത കാലത്തായി തീർത്തും മോശം പ്രകടനമാണ് പുറത്തെടുക്കുന്നത്. 2020ലെ ട്വന്റി-20 ലോകകപ്പില്‍ അദ്ദേഹം കളിക്കാന്‍ സാധ്യതയില്ല. ഈ ലോകകപ്പ് മുന്‍നിര്‍ത്തി ടീമിനെ പാകപ്പെടുത്തുമ്പോള്‍ ധോണി പുറത്തു നില്‍ക്കുന്നതാണ് നല്ലതെന്നും ഗാംഗുലി പറഞ്ഞു.
ധോണിക്കു പിൻഗാമിയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഋഷഭ് പന്തിനെ പകരം ടീമിലെടുത്തത്. 2019ലെ ലോകകപ്പില്‍ ധോണിയുടെ സേവനം ടീം തേടുമ്പോള്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അദ്ദേഹത്തിന് ആവശ്യത്തിന് മൽസരം പരിചയം നല്‍കുകയാണ് അതില്‍ പ്രധാനം. ആഭ്യന്തര ക്രിക്കറ്റിൽ ധോണിയെ സജീവമാക്കുകയാണ് വേണ്ടതെന്നും ദാദ വ്യക്തമാക്കി.
ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാത്തത് ധോണിയുടെ ബാറ്റിംഗ് മികവിനെ ബാധിക്കും. വിന്‍ഡീസിനെതിരായ പരമ്പരയ്‌ക്ക് ശേഷം ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ഇതിനിടെ വലിയൊരു ഗ്യാപ്പ് വരും. ഈ സമയം ആഭ്യന്തര ക്രിക്കറ്റില്‍ കളിപ്പിച്ച് ധോണിയുടെ ഫോം തിരിച്ചു പിടിക്കണമെന്നും ഗാംഗുലി പറഞ്ഞു.