നാലാം അങ്കത്തില്‍ ചതിവ് സംഭവിച്ചേക്കാം, സ്‌മിത്തിന് സന്തോഷം; കോഹ്‌ലിക്ക് ആശങ്കയും നിരാശയും
ധര്‍മ്മശാല ടെസ്‌റ്റില്‍ ഇന്ത്യക്ക് പിഴയ്‌ക്കും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്
ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്‌റ്റ് നടക്കുന്ന ധര്‍മ്മശാലയിലെ പിച്ച് ഇന്ത്യക്ക് തിരിച്ചടി സമ്മാനിച്ചേക്കുമെന്ന് സൂചന. പേസര്‍മാരെ തുണയ്‌ക്കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്ന ചീഫ് ക്യുറേറ്ററായ സുനില്‍ ചൗഹാന്റെ വാക്കുകളാണ് വിരാട് കോഹ്‌ലിക്കും സംഘത്തിനും സമ്മര്‍ദ്ദമുണ്ടാക്കുന്നത്.
പിച്ച് പേസിന് തുണയ്‌ക്കുന്നതാണ്, അക്കാര്യത്തില്‍ ഞാന്‍ ഉറപ്പ് പറയുന്നു. എന്നാല്‍ ആഭ്യന്തര മത്സരങ്ങളില്‍ കണ്ടയത്ര ആനുകൂല്യം പേസര്‍മാര്‍ക്ക് ലഭിക്കില്ല. അവസാന ദിവസങ്ങളില്‍ പിച്ച് സ്‌പിന്നര്‍മാര്‍ക്കും ഗുണകരമാകുമെന്നും ചൗഹാന്‍ പറഞ്ഞു.
അഞ്ച് ദിനം വരെ കളിക്കാന്‍ അനുയോജ്യമായ ടെസ്റ്റ് ക്രിക്കറ്റ് വിക്കറ്റാണിത്. എല്ലാവരേയും പിച്ച് തുണയ്ക്കുമെങ്കിലും ആദ്യ ദിനങ്ങളില്‍ പേസര്‍മാര്‍ക്കായിരിക്കും നേട്ടം. അങ്ങനെയാണെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആധിപത്യം ഉറപ്പിക്കാന്‍ സാധിക്കുമെന്നും ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ചൗഹാന്‍ പറഞ്ഞു.
ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ മത്സരവും ജയിച്ച് ഒപ്പം നില്‍ക്കെ ശനിയാഴ്ച്ച ആരംഭിക്കുന്ന ടെസ്‌റ്റ് നിര്‍ണായകമാണ്. പരുക്കേറ്റ് മിച്ചല്‍ സ്റ്റാര്‍ക്ക് നാട്ടിലേക്ക് മടങ്ങിയെങ്കിലും ജോഷ് ഹെയ്‌സല്‍വുഡും പാറ്റ് കമ്മിന്‍സും ടീമിലുള്ളത് ഓസ്‌ട്രേലിയ്‌ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്.
ഉമേഷ് യാദവും ഇഷാന്ത് ശര്‍മ്മയുമാണ് ഇന്ത്യന്‍ ടീമിനെ പേസര്‍മാര്‍. ഇവരെ കൂടാതെ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കോഹ്‌ലി ശ്രമിക്കുന്നുണ്ട്. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉമേഷിന് സാധിക്കുന്നുണ്ടെങ്കിലും ഇഷാന്ത് നിരാശപ്പെടുത്തുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്.