മോശം ഫോമിനെ തുടർന്ന് ഐപിഎല്ലിൽ പാതിവഴിയിൽ നായകസ്ഥാനം നഷ്ടമാവുക. തുടർന്ന് തന്റെ രക്തമൊഴുക്കി കെട്ടിപടുത്ത അതേ ടീമിൽ നിന്നും സ്ഥാനം നഷ്ടപ്പെടുക.ലോകമെങ്ങുമുള്ള വലിയ വിഭാഗം ഇനി അടുത്ത കാലത്തൊന്നും തിരിച്ചുവരവുണ്ടാകില്ലെന്ന് എഴുതി തള്ളുക. ഏതൊരു ക്രിക്കറ്ററെയും തളർത്താൻ ഇത്രയും ഘടകങ്ങൾ ഒരു പക്ഷേ ആവശ്യത്തിലേറെ ആയിരിക്കും. എന്നാൽ ഇത് ആൾ വേറെതന്നെയെന്ന് വിമർശകർക്ക് തന്റെ ബാറ്റ് കൊണ്ട് തെളിവ് നൽകിയിരിക്കുകയാണ് ഓസീസ് സൂപ്പർ താരം ഡേവിഡ് വാർണർ.
ചരിത്രത്തിലാദ്യമായി ഓസീസ് ടി20 ലോകകിരീടം ചൂടുമ്പോൾ ഏഴ് മത്സരങ്ങളിൽ നിന്നും 289 റൺസുമായി ടീമിന്റെ ടോപ്‌സ്കോറർ പട്ടികയിലാണിന്ന് വാർണർ. ഒരു മാസം മുൻപ് ടീമിനായി ഗാലറിയിൽ ഒതുങ്ങികൂടേണ്ടി വന്നവൻ ഇന്ന് ലോകചാമ്പ്യനാണ്. ഫൈനലില്‍ 38 പന്തില്‍ നിന്ന് 53 റണ്‍സുമായി തിളങ്ങിയ വാര്‍ണര്‍ തന്നെയാണ് ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.
അതേസമയം ഓസ്‌ട്രേലിയ കിരീടം നേടിയതിനു പിന്നാലെ വാര്‍ണറുടെ ഭാര്യ കാർഡിഡ് സമൂഹമാധ്യമങ്ങൾ പോസ്റ്റ് ചെയ്‌തത് ഇപ്പോൾ വൈറലായിരിക്കുകയാണ്. 'ഫോം ഔട്ട്, പ്രായക്കൂടുതല്‍, വേഗക്കുറവ്! ആശംസകള്‍ ഡേവിഡ് വാര്‍ണര്‍' എന്നായിരുന്നു അവരുടെ ട്വീറ്റ്.
ഐപിഎൽ 2021 സീസണിൽ ഹൈദരാബാദിനായി 8 മത്സരങ്ങളിൽ നിന്ന് 195 റൺസ് ആയിരുന്നു വാർണറിന്റെ പ്രകടനം. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ നടന്ന ട്വന്റി 20 ലീഗുകളില്‍ വാര്‍ണര്‍ 500 റണ്‍സില്‍ കുറവ് സ്‌കോര്‍ ചെയ്തത് ഇതാദ്യമായിരുന്നു. എന്നാൽ ടീമിൽ നിന്നും പുറത്താക്കപ്പെട്ടതിന്റെ മധുരപ്രതികാരം വാർണർ നിറവേറ്റിയത് ലോകകപ്പിലെ മികച്ച പ്രകടനത്തോടെ.
തിരിച്ചടികളിൽ ആ മനുഷ്യനെ തള്ളിപറഞ്ഞിരുന്നവരുണ്ടെങ്കിൽ ഒന്നോർക്കുക. അയാളുടെ പേര് ഡേവിഡ് വാർണർ എന്നാണ്. തിരിച്ചുവരവുകൾ അയാൾക്കൊരു ശീലമാണ്.