സ്മിത്തിനെ കുടുക്കിയത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം!
ഓസീസിന്റെ ചതി മുന്‍കൂട്ടി മനസ്സിലാക്കിയ താരം!
ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനൊന്നാം സീസണിൽ രാജസ്ഥാൻ റോൽസിന്‍റെ ക്യാപ്റ്റനായ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന്റെ രാജിക്ക് കാരണമായത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ച സംഭവം പുറംലോകത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍ കാരണമായിരിക്കുന്നത് മുന്‍ ദക്ഷണാഫ്രിക്കന്‍ താരമായ ഫാനി ഡിവില്ലിയേഴ്‌സിന് തോന്നിയ സംശയമാണ്.
ഓസീസ് ബോളര്‍മാര്‍ക്ക് 30 ഓവറിനു മുമ്പ് തന്നെ റിവേഴ്‌സ് സ്വിംഗ് കിട്ടുന്നത് കണ്ട ഫാനി ആദ്യം അമ്പരന്നു. ഇതിനു പിന്നില്‍ ചതി ഉണ്ടാകുമെന്ന് തോന്നിയ ഫാനി ക്യാമറ കൈകാര്യം ചെയുന്നവരോട് ഓരോ താരങ്ങളുടെയും പോസുകളും നീക്കങ്ങളും ശ്രദ്ധിക്കണമെന്നും അത് വ്യക്തമായി ഒപ്പിയെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
ഇതോടെയാണ് ക്യാമറ കണ്ണുകള്‍ ഓസീസ് താരങ്ങളെ വിടാതെ പിന്തുടര്‍ന്നത്. എന്നാല്‍, ഇത് തിരിച്ചറിയാതെ പോയ ഓസീസ് ക്യാമറയില്‍ കുടുങ്ങുകയും കള്ളത്തരം ലോകമറിയുകയും ചെയ്തു. ഡെയിലി സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം, ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും സ്മിത്ത് ഇന്നലെ രാജി വെച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ അന്വേഷണം നടക്കവേ ആണ് സ്മിത്ത് രാജിവെച്ചത്. സ്‌മിത്ത് രാജിവച്ച സാഹചര്യത്തില്‍ അജിന്‍ക്യ രഹാനെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ക്യാപ്റ്റന്‍.
ടീം നായകസ്ഥാനത്തു നിന്നും സ്മിത്ത് സ്വമേധയാ ഒഴിയുകയാണ് ചെയ്‌തതെന്ന് രാജസ്ഥാന്‍ റോയല്‍സ് വ്യക്തമാക്കി. ക്യാപ്‌റ്റന്‍ സ്ഥാനം രാജിവയ്‌ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ കളത്തിലിറങ്ങുന്നത്.