ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഏറെക്കുറെ വിജയം ഉറപ്പിച്ചുകഴിഞ്ഞു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് പത്ത് വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ വേണ്ടത് 513 റണ്‍സാണ്. ഒന്നാം ഇന്നിങ്‌സില്‍ 254 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് 258/2 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ അതിവേഗമാണ് സ്‌കോര്‍ ചെയ്തത്. ഇന്ത്യക്ക് വേണ്ടി ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും സെഞ്ചുറി നേടി.
ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറി കണ്ട് കിളി പോയിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. വെറും 130 പന്തില്‍ നിന്നാണ് പൂജാര പുറത്താകാതെ 102 റണ്‍സ് നേടിയത്. പൂജാരയുടെ കരിയറിലെ ഏറ്റവും വേഗതയേറിയ ടെസ്റ്റ് സെഞ്ചുറിയാണ് ഇത്. മാത്രമല്ല കഴിഞ്ഞ 52 ഇന്നിങ്‌സുകളില്‍ നിന്ന് നേടുന്ന ആദ്യ സെഞ്ചുറിയും !
13 ഫോറുകളുടെ അകമ്പടിയോടെയാണ് പൂജാര സെഞ്ചുറി നേടിയത്. സാഹചര്യം മനസിലാക്കി ആസ്വദിച്ചു ബാറ്റ് ചെയ്യുന്ന പൂജാരയെയാണ് ഇത്തവണ കണ്ടത്. തുടക്കം മുതല്‍ ബൗണ്ടറികള്‍ കണ്ടെത്താനാണ് പൂജാര ശ്രമിച്ചിരുന്നത്. വെടിക്കെട്ട് ബാറ്റര്‍ വീരേന്ദര്‍ സേവാഗിന്റെ പ്രേതം ദേഹത്ത് കയറിയോ എന്നാണ് പൂജാരയുടെ ഇന്നിങ്‌സ് കണ്ട് ആരാധകര്‍ ചോദിക്കുന്നത്. ടെസ്റ്റില്‍ സേവാഗ് കളിക്കുന്ന ആക്രമണ ശൈലിയിലുള്ള ബാറ്റിങ്ങാണ് ഇത്തവണ പൂജാരയുടെ ബാറ്റില്‍ നിന്ന് കണ്ടത്.