IPL 2023: ധോണിക്കും കൂട്ടുകാര്‍ക്കും എട്ടിന്റെ പണി കൊടുത്ത് ഗുജറാത്ത്; ജയം അഞ്ച് വിക്കറ്റിന്
ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് ഗുജറാത്ത് ജയം സ്വന്തമാക്കിയത്
ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ്. അഞ്ച് വിക്കറ്റിനാണ് ഗുജറാത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് ലക്ഷ്യത്തിലെത്തി.
ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് ഗുജറാത്ത് ജയം സ്വന്തമാക്കിയത്. ഗില്‍ 36 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും സഹിതം 63 റണ്‍സ് നേടി. വിജയ് ശങ്കര്‍ (21 പന്തില്‍ 27), വൃദ്ധിമാന്‍ സാഹ (16 പന്തില്‍ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. രാഹുല്‍ തെവാത്തിയ (14 പന്തില്‍ 15), റാഷിദ് ഖാന് (മൂന്ന് പന്തില്‍ 10) എന്നിവര്‍ പുറത്താകാതെ നിന്നു.
നേരത്തെ ഋതുരാജ് ഗെയ്ക്വാദിന്റെ ഒറ്റയാള്‍ പ്രകടനത്തിന്റെ കരുത്തിലാണ് ചെന്നൈ 178 റണ്‍സ് നേടിയത്. 50 പന്തില്‍ നിന്ന് നാല് ഫോറും ഒന്‍പത് സിക്സും സഹിതം ഗെയ്ക്വാദ് 92 റണ്‍സ് നേടി. സെഞ്ചുറിക്ക് എട്ട് റണ്‍സകലെ താരം പുറത്താകുകയായിരുന്നു. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി, റാഷിദ് ഖാന്, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.